ഭുവനേശ്വര്‍: ഒഡിഷയിലെ ക്യോംജർ ജില്ലയില്‍ ക്ലാസ് മുറിയിലെ ഇരുമ്പ് ജനൽ കമ്പികൾക്കിടയിൽ തല കുടുങ്ങിയ നിലയിൽ എട്ട് വയസ്സുകാരിയെ കണ്ടെത്തി. ബന്‍സ്പാല്‍ ബ്ലോക്കിന് കീഴിലെ അന്‍ജറിലുള്ള ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ജ്യോത്സ്‌ന ദേഹുരിക്കാണ് ദുരവസ്ഥ ഉണ്ടായത്.
An eight-year-old girl had her head stuck through the window railings during her desperate attempt to escape as she was left stranded inside her classroom in Odisha's Kenjhar district after school authorities locked the premise without checking. She remained there the entire… pic.twitter.com/wBUZcqFn89
— The Hindu (@the_hindu) August 22, 2025
കമ്പികള്‍ക്കിടയില്‍ തല കുടുങ്ങി ഒരു രാത്രി മുഴുവന്‍ കുട്ടി ഇവിടെ കഴിച്ചുകൂട്ടി. വ്യാഴാഴ്ചയായിരുന്നു സംഭവം. ക്ലാസുകള്‍ കഴിഞ്ഞശേഷം വൈകീട്ട് നാലുമണിയോടെ അധികൃതര്‍ എന്നത്തേയും പോലെ മുറികള്‍ പൂട്ടി പോയി. ജ്യോത്സ്‌ന ക്ലാസ് മുറിയില്‍ ഉണ്ടായിരുന്ന കാര്യം അധ്യാപകരോ സ്‌കൂളിലെ മറ്റ് ജീവനക്കാരോ ശ്രദ്ധിച്ചില്ല. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താതെ ഇരുന്നതോടെ വീട്ടുകാര്‍ പരിഭ്രാന്തരായി. നാട്ടുകാരെയും കൂട്ടി രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.അതേസമയം, ക്ലാസ് മുറിയില്‍ കുടുങ്ങിയ കുട്ടി എങ്ങനെയെങ്കിലും പുറത്തുകടക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനായി കുത്തനെയുള്ള ജനല്‍കമ്പികള്‍ക്ക് ഇടയിലൂടെ ശരീരം പുറത്തേക്ക് ഇട്ടെങ്കിലും തല കമ്പികൾക്കിടയിൽ കുടുങ്ങി. ഇതോടെ അകത്തും ശരീരം പുറത്തുമായ രീതിയില്‍ കുട്ടി കുടുങ്ങി. രാവിലെ വരെ കുട്ടി അതേ നിലയില്‍ തുടര്‍ന്നു.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ സ്‌കൂളിലെ പാചകക്കാരി എത്തി ക്ലാസ് മുറി തുറന്നപ്പോഴാണ് കുട്ടിയെ കണ്ടത്. പരിഭ്രാന്തരായ അവര്‍ ഉടനെ പ്രദേശവാസികളെ വിളിച്ചുകൂട്ടി. തുടര്‍ന്ന് ഗ്രാമവാസികളും വീട്ടുകാരും ചേര്‍ന്ന് ഇരുമ്പുകമ്പികള്‍ വളച്ച് കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.
കുട്ടിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനകള്‍ നടത്തിയെന്നും കുട്ടി സുരക്ഷിതയാണെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടി ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അതേസമയം, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്‌കൂളിലെ ആക്ടിങ് ഹെഡ് മാസ്റ്റര്‍ ഗൗരഹരി മഹന്തയെ ജില്ലാ ഭരണകൂടം സസ്‌പെന്‍ഡ് ചെയ്തു.
















