ഭോപ്പാൽ: മുൻ ജഡ്ജിയുടെ വീട്ടിൽ മോഷണം നടത്തിയ രണ്ടുപേർ പോലീസ് പിടിയിൽ. ഇൻഡോറിലെ വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രമേഷ് ഗാർഗിന്റെ വസതിയിൽ ആണ് കള്ളന്മാർ കയറിയത്. സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ വൈറൽ ആയിരുന്നു. ഓഗസ്റ്റ് ഒൻപതിനാണ് മോഷണം നടന്നത്.
Thieves in Indore quietly swiped jewelry and cash while the family slept, unaware of the Robbery😨
pic.twitter.com/w1A7w4AnvX— Ghar Ke Kalesh (@gharkekalesh) August 13, 2025
അന്ന് സമീപ പ്രദേശങ്ങളിലും സമാനമായ മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ജഡ്ജിയുടെ വീട്ടിലെ മോഷണത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ ഈ സമയം വൈറലാവുകയും ചെയ്തു. ജസ്റ്റിസ് ഗാർഗിന്റെ മകൻ ഋത്വിക് ഉറങ്ങിക്കിടന്നിരുന്ന മുറിയിൽ മുഖംമൂടി ധരിച്ച ആളുകൾ അതിക്രമിച്ചുകയറി മോഷണം നടത്തുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. അവരിൽ ഒരാൾ, ഋത്വിക് ഉണർന്നാൽ ആക്രമിക്കാൻ തയ്യാറായി ഇരുമ്പുദണ്ഡുമായി നിൽക്കുന്നുണ്ടായിരുന്നു. കുടുംബാംഗങ്ങൾ മറ്റ് മുറികളിൽ ഉറങ്ങുന്നതിനിടെ മോഷ്ടാക്കൾ സാധനങ്ങളുമായി രക്ഷപ്പെട്ടു.
പ്രത്യേക അന്വേഷണസംഘം ഇരുന്നൂറിലധികം ക്യാമറകളിൽ നിന്നുള്ള 200 മണിക്കൂറിലധികം ദൈർഘ്യമുള്ള സിസി ടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചുവെന്നും ധാർ, ഝാബുവ, അലിരാജ്പൂർ, ഗുണ, ദേവാസ് ജില്ലകളിലുടനീളം ലഭിച്ച വിവരങ്ങൾ അന്വേഷണവിധേയമാക്കിയെന്നും ഇൻഡോർ (റൂറൽ) എസ്പി പറഞ്ഞു.വെള്ളിയാഴ്ച രാത്രി, ബൈപ്പാസ് ഏരിയയ്ക്ക് സമീപം വാഹനം തടഞ്ഞുനിർത്തിയാണ് പ്രധാന പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികൾ മറ്റ് നാല് കൂട്ടാളികളുടെ പേരുകൾ വെളിപ്പെടുത്തി. ഇവർക്കായി ഇപ്പോൾ തിരച്ചിൽ തുടരുകയാണ്.
ജസ്റ്റിസ് ഗാർഗിന്റെ ബംഗ്ലാവിൽ കാവൽക്കാരൻ ഉണ്ടായിരുന്ന സമയത്താണ് മോഷണം നടന്നത്. പ്രതികൾ ജനലിന്റെ ഗ്രിൽ മുറിച്ച് അകത്തുകടക്കുകയായിരുന്നു. ബാക്കിയുള്ള പ്രതികൾക്കായുള്ള തിരച്ചിൽ തുടരുന്നതിനാൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
















