ഇരിട്ടി: ആഡംബര ജീവിതം നയിക്കാനായി വീസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ ചെണ്ടമൻകുളത്തിൽ സി.കെ.അനീസിനെ (39) ആറളം പൊലീസ് ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു. യുഎഇ വീസ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി 1.5 കോടി രൂപയോളം തട്ടി.
നൂറിലധികം പേരിൽ നിന്നാണ് തുക തട്ടിയെടുത്തതെന്ന് അനീസ് പൊലീസിനോടു പറഞ്ഞു. കീഴ്പ്പള്ളി പുതിയങ്ങാടിയിലെ മുഹമ്മദ് അജ്‌സലി (24)ന് യുഎഇ വീസ വാഗ്ദാനം ചെയ്തു 1.4 ലക്ഷം രൂപ തട്ടിയെടുത്തെന്നു ചൂണ്ടിക്കാട്ടി 1 വർഷം മുൻപ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അനീസ് പിടിയിലായത്. അക്കൗണ്ടന്റ് വീസയാണ് വാഗ്ദാനം ചെയ്തത്. മെഡിക്കൽ ചെക്കപ്പും മറ്റു പരിശോധനകളും പൂർത്തിയാക്കി തിരുവനന്തപുരത്തു യുഎഇ കോൺസുലേറ്റിന് മുന്നിലെത്താൻ പ്രതി അനീസ് മുഹമ്മദ് അജ്സലിനോട് ആവശ്യപ്പെട്ടു.
അനീസിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ച ശേഷം യുഎഇ കോൺസുലേറ്റിലെത്തിയ അജ്സൽ അനീസിനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. അതോടെ വഞ്ചിക്കപ്പെട്ടെന്നു മനസ്സിലായ മുഹമ്മദ് അജ്സൽ ആറളം പൊലീസിൽ പരാതി നൽകുകയായിരുന്നു. വാട്‌സാപ് ഗ്രൂപ്പുകളിൽ നിന്നാണു യുഎഇയിലേക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടു മുഹമ്മദ് അജ്സൽ, അനീസിനെ ബന്ധപ്പെടുന്നത്. ഇവർ തമ്മിൽ നേരിട്ടു കണ്ടിട്ടുണ്ടായിരുന്നില്ല.
















