ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നവജാതശിശു മരിച്ചതിനെ തുടർന്ന് പരാതി നൽകാൻ കുഞ്ഞിന്റെ മൃതദേഹം ബിഗ് ഷോപ്പറിൽ തൂക്കിപ്പിടിച്ച് പരാതിയുമായി പിതാവ് കളക്ടറുടെ ഓഫീസിൽ എത്തി. പ്രസവത്തിനിടെ സർക്കാർ ആശുപത്രിയിൽ വെച്ചാണ് കുഞ്ഞ് മരിച്ചത്. സംഭവത്തിൽ ജില്ലാ ഭരണകൂടം ആശുപത്രി സീൽ ചെയ്തു
ആശുപത്രി അധികൃതർ തുടർച്ചയായി ഫീസ് വർദ്ധിപ്പിക്കുകയും പ്രസവം വൈകിപ്പിക്കുകയും ചെയ്തുവെന്ന് കുഞ്ഞിന്റെ പിതാവ് വിപിൻ ഗുപ്ത ആരോപിച്ചു.’നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ, ജില്ലാ ഭരണകൂടം ഗോൾഡാർ ആശുപത്രി സീൽ ചെയ്തു. അവിടെ പ്രവേശിപ്പിച്ചിരുന്ന രോഗികളെ ജില്ലാ വനിതാ ആശുപത്രിയിലേക്ക് മാറ്റുന്നു. കളക്ടറുടെ നിർദ്ദേശപ്രകാരം സബ് കളക്ടർ എ.കെ. റസ്‌തോഗി ആശുപത്രി സന്ദർശിച്ച് യുവതിയുടെ ആരോഗ്യനില അന്വേഷിച്ചു. മെച്ചപ്പെട്ട ചികിത്സ നൽകാൻ നിർദ്ദേശം നൽകി. ജില്ലാ ഭരണകൂടം ദുരിതബാധിതരായ കുടുംബത്തോടൊപ്പമുണ്ട്.’ കളക്ടർ എക്‌സിൽ പോസ്റ്റ് ചെയ്തു.
സാധാരണ പ്രസവത്തിന് 10,000 രൂപയും സി-സെക്ഷന് 12,000 രൂപയുമാണ് ആശുപത്രി ആവശ്യപ്പെട്ടതെന്ന് വിപിൻ ഗുപ്ത വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഭാര്യക്ക് പ്രസവവേദന കലശലായപ്പോൾ ആശുപത്രി അധികൃതർ ഫീസ് വർദ്ധിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു.പുലർച്ചെ 2:30-ഓടെ ഗുപ്ത കുറച്ച് പണം സംഘടിപ്പിച്ചെങ്കിലും ആശുപത്രി അധികൃതർ വീണ്ടും ഫീസ് വർദ്ധിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് മുമ്പായി പണം ആവശ്യപ്പെടുകയും ചെയ്തു. ‘പുലർച്ചെ 2:30-ഓടെ ഞാൻ പണം സംഘടിപ്പിച്ചു. നിങ്ങൾക്ക് കഴിയില്ലെങ്കിൽ എന്റെ ഭാര്യയെ മറ്റെവിടെയെങ്കിലും കൊണ്ടുപോകാമെന്ന് ഞാൻ അവരോട് പറയുകയും ചെയ്തു. അവർ വീണ്ടും ഫീസ് വർദ്ധിപ്പിച്ചു. പ്രസവ നടപടികൾ ആരംഭിക്കാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു, കൂടുതൽ പണം ഞാൻ സംഘടിപ്പിക്കാമെന്നും പറഞ്ഞു. എന്നാൽ ആദ്യം പണം നൽകണമെന്നും അതിനുശേഷം മാത്രമേ ശസ്ത്രക്രിയ നടത്തുകയുള്ളൂവെന്നും അവർ കർശനമായി പറഞ്ഞു’ അദ്ദേഹം പറഞ്ഞു.
‘എന്റെ നവജാതശിശു മരിച്ചു. അതിനുശേഷം അവർ എന്റെ ഭാര്യയെ റോഡിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് ഞങ്ങൾ ഒരു സർജന്റെ അടുത്തേക്ക് പോയി. അതിനുശേഷം ഞാൻ കളക്ടറുടെ അടുത്തേക്ക് പോയി. അദ്ദേഹം എന്റെ കൂടെ ഇവിടെ വന്നു. മരിച്ച കുഞ്ഞിനെ ഞാൻ ഒരു ബാഗിലാണ് കൊണ്ടുവന്നത്.’ വിപിൻ ഗുപ്ത പറഞ്ഞു.
















