മംഗളൂരു: ധർമസ്ഥലയിൽ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന വെളിപ്പെടുത്തൽ നടത്തിയ മുന്‍ ശുചീകരണത്തൊഴിലാളി ചിന്നയ്യയുടെ ചിത്രങ്ങള്‍ പുറത്ത്. ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചിത്രങ്ങൾ ചില ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടത്.
കഴിഞ്ഞദിവസംവരെ സാക്ഷിയെന്ന പരിരക്ഷയുണ്ടായിരുന്നതിനാല്‍ മുഖംമറച്ചാണ് ഇയാളെ അന്വേഷണസംഘം തെളിവെടുപ്പിനടക്കം എത്തിച്ചിരുന്നത്. എന്നാല്‍, തെറ്റായ ആരോപണമുന്നയിക്കുകയും വ്യാജ തെളിവുകള്‍ ഹാജരാക്കിയെന്നും അന്വേഷണസംഘം കണ്ടെത്തിയതോടെ ഇയാളെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങളും പുറത്തുവന്നുതുടങ്ങി.
മുന്‍ ശുചീകരണത്തൊഴിലാളിയുടെ പേര് സി.എന്‍. ചിന്നയ്യ എന്നാണ് ദേശീയമാധ്യമമായ ‘ന്യൂസ് 18’ റിപ്പോര്‍ട്ട്‌ചെയ്തത്. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ചിക്കാബെല്ലി സ്വദേശിയാണ് ഇയാളാണെന്നും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളിലെ വിവരപ്രകാരം ഇയാള്‍ക്ക് നിലവില്‍ 45 വയസ്സ് പ്രായമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞദിവസംവരെ മുഖംമറച്ചിരുന്ന ഇയാളുടെ ചില ചിത്രങ്ങള്‍ ‘ടൈംസ് ഓഫ് ഇന്ത്യ’, ‘ഇന്ത്യാടുഡേ’ തുടങ്ങിയ ദേശീയമാധ്യമങ്ങളും ശനിയാഴ്ച പുറത്തുവിട്ടു.
വെള്ളിയാഴ്ച രാത്രിമുഴുവന്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് ധര്‍മസ്ഥല കേസിലെ പരാതിക്കാരനും പ്രധാനസാക്ഷിയുമായ മുന്‍ ശുചീകരണത്തൊഴിലാളിയെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. ഇയാള്‍ നേരത്തെ ഹാജരാക്കിയ തലയോട്ടി ഉള്‍പ്പെടെയുള്ള തെളിവുകള്‍ വ്യാജമാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇയാളുടെ മൊഴിയനുസരിച്ച് ധര്‍മസ്ഥലയിലെ വിവിധയിടങ്ങളില്‍ എസ്‌ഐടി കുഴിയെടുത്ത് പരിശോധന നടത്തിയെങ്കിലും ഒരിടത്തുനിന്ന് മാത്രമാണ് ചില അസ്ഥികള്‍ കണ്ടെടുത്തത്. ഇത് പുരുഷന്റേതാണെന്നാണ് പ്രാഥമികനിഗമനം. ഈ ശരീരാവശിഷ്ടങ്ങളുടെ ഫൊറന്‍സിക് പരിശോധനാഫലവും പുറത്തുവരാനുണ്ട്.
















