സെർജിയോ ഗോറിനെ ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി നാമനിർദേശം ചെയ്തിരിക്കുകായണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അധിക നികുതി ചുമത്തിയതിനുപിന്നാലെ ഇന്ത്യ-യുഎസ് ബന്ധം വഷളായ സാഹര്യത്തിലാണ് പുതിയ അംബാസഡറുടെ നിയമനം. ട്രംപിന്റെ അടുത്ത സുഹൃത്തും തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലെല്ലാം ട്രംപിനൊപ്പം ഉണ്ടായിരുന്ന ആളാണ് 38 കാരനായ സെർജിയോ ഗോർ. “സെർജിയോ എൻ്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം വർഷങ്ങളായി എനിക്കൊപ്പമുണ്ട്. അദ്ദേഹം പ്രസിഡൻഷ്യൽ ക്യാമ്പെയിനുകളിൽ പ്രവർത്തിച്ചു, എൻ്റെ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു, കൂടാതെ നമ്മുടെ പ്രസ്ഥാനത്തെ അകമഴിഞ്ഞ് പിന്തുണച്ചു. പ്രസിഡൻഷ്യൽ പേഴ്‌സണൽ ഡയറക്ടർ എന്ന നിലയിൽ സെർജിയോയുടെ പങ്ക് അനിവാര്യമാണെന്നും” ട്രംപ് കുറിച്ചു.
ദക്ഷിണ-മധ്യ ഏഷ്യയിലെ പ്രത്യേക പ്രതിനിധിയുടെ ചുമതലയും സെർജിയോ ഗോറിന് നൽകിയിട്ടുണ്ട്. ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള മേഖലയിൽ അമേരിക്കൻ അജണ്ട നടപ്പിലാക്കാൻ തനിക്ക് ഏറ്റവും വിശ്വാസമുള്ള ഒരാളെ തന്നെ അംബാസഡറായി നിയമിക്കേണ്ടത് അത്യാവശ്യമായിരുന്നുവെന്നാണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിൽ ട്രംപ് കുറിച്ചത്.
ട്രംപിന്റെ രാഷ്ട്രീയ ജീവിതത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് റഷ്യൻ വംശജനായ സെർജിയോ ഗോർ . പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന ഗോർ ട്രംപിന് വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രവർത്തന സമിതിയായ പിഎസി ട്രംപിൻ്റെ മാനേജർമാരിൽ ഒരാളായിരുന്നു. ട്രംപിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിലും പങ്കാളിയായി. പേഴ്സണൽ ഡയറക്ടർ എന്ന നിലയിൽ ഫെഡറൽ ഗവൺമെൻ്റ് സ്ഥാനങ്ങളിൽ 95% അധികം നിയമനങ്ങൾ നടത്താൻ ട്രംപിനെ സഹായിച്ചു.
ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിൽ നിന്ന് ട്രംപിനെ അകറ്റിയതിന് പിന്നിൽ ഗോർ ആണെന്ന ആരോപണം ശക്തമാണ്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മസ്‌കും മറ്റ് ടെക് ബിസിനസുകാരും ചേർന്ന് സ്ഥാപിച്ച പിഎസി ട്രംപിൻ്റെ മുൻ പന്തിയിലുണ്ടായിരുന്ന ഗോർ പിന്നീട് മസ്കിൽ നിന്ന് അകന്നു. പിന്നാലെ ട്രംപും മസ്കും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിക്കുകയും ചെയ്തു. മസ്ക് അനുകൂലികളുടെ പ്രധാന എതിരാളി കൂടിയാണ് ഗോർ.
സെർജിയോ ഗോറിനെ ഇന്ത്യയിലെ അടുത്ത അംബാസിഡറായും തെക്ക്-മധ്യ ഏഷ്യയിലെ പ്രത്യേക പ്രതിനിധിയായും പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഗോർ വളരെക്കാലമായി തന്റെ ഒപ്പം നിന്ന വലിയ സുഹൃത്താണെന്നും ട്രംപ് പറഞ്ഞിരുന്നു. 38കാരനായ ഗോർ ട്രംപിൻ്റെ ഏറ്റവും അടുത്തയാളുകളിൽ പ്രധാനിയാണ്. നിലവിൽ വൈറ്റ് ഹൗസ് പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിലെ ഡയറക്ടറാണ് ഗോർ. യുഎസ് സെനറ്റ് അംഗീകരിക്കുന്നതുവരെ ഗോർ വൈറ്റ് ഹൗസിൽ തൽസ്ഥാനത്ത് തുടരും. സെർജിയോ ഗോറിനെ ഇന്ത്യൻ അംബാസഡറായി നിയമിക്കുന്നതിലൂടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്ന പ്രതീക്ഷയിലാണ് യുഎസ്.
നിലവിൽ വൈറ്റ് ഹൗസിലെ പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിലെ ഡയറക്ടറാണ് ഗോർ. അതേസമയം, ട്രംപ് നാമനിർദേശം ചെയ്തെങ്കിലും യുഎസ് കോൺഗ്രസ് കൂടി ഗോറിന്റെ നിയമനം അംഗീകരിക്കേണ്ടതുണ്ട്. യുഎസ് സെനറ്റ് അംഗീകരിക്കുന്നതുവരെ ഗോർ വൈറ്റ് ഹൗസിൽ തൽസ്ഥാനത്ത് തുടരും.
















