ആപ്പിൾ റീട്ടെയിൽ സ്റ്റോർ ഉടൻ ബെംഗളൂരുവിലും. ഇന്ത്യയിലെ മൂന്നാമത്തെ ഔദ്യോഗിക റീട്ടെയിൽ സ്റ്റോർ 2025 സെപ്റ്റംബർ 2ന് തുറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 1 മണിക്കാണ് ഉദ്‌ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ ഫീനിക്‌സ് മാളിലായിരിക്കും ഈ സ്റ്റോർ സ്ഥിതി ചെയ്യുക.
‘ആപ്പിൾ ഹെബ്ബാൾ’ എന്നാണ് ബെംഗളൂരുവിലെ തുറക്കാനിരിക്കുന്ന ആപ്പിൾ സ്റ്റോറിന് പേര് നൽകിയത്. ഐഫോൺ 17 സീരീസ് ലോഞ്ച് ചെയ്യാനിരിക്കെയാണ് കമ്പനി രാജ്യത്തെ മൂന്നാമത്തെ സ്റ്റോറും തുറക്കുന്നത്. ഇത് ഉപഭോക്താക്കൾക്ക് ഓഫ്‌ലൈൻ സ്റ്റോറുകളിൽ പോയി പുതിയ ഐഫോണുകൾ വാങ്ങാനുള്ള അവസരമൊരുക്കും.
ആപ്പിൾ ഹെബ്ബാൾ സ്റ്റോറിന്‍റെ ബാരിക്കേഡ് ഡിസൈൻ ആപ്പിൾ ഇന്നലെ (ഓഗസ്റ്റ് 21) അനാച്ഛാദനം ചെയ്‌തിരുന്നു. ആപ്പിൾ ഹെബ്ബാൾ സ്റ്റോറിൽ ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള വർണ്ണാഭമായ തൂവലുകളുടെ നിറഞ്ഞ കലാസൃഷ്‌ടികളും ഒരുക്കിയിട്ടുണ്ട്. ബെംഗളൂരുവിൽ തുറക്കുന്ന മൂന്നാമത്തെ സ്റ്റോറിൽ ആപ്പിൾ സ്പെഷ്യലിസ്റ്റുകൾ, ക്രിയേറ്റീവുകൾ, പ്രതിഭകൾ, ബിസിനസ്സ് ടീമുകൾ എന്നിവർ ഉണ്ടായിരിക്കും.
ഇവർക്ക് സ്റ്റോറിൽ വരുന്ന ഉപഭോക്താക്കൾക്ക് വ്യക്തിഗത സേവനവും സാങ്കേതിക പിന്തുണയും നൽകാൻ സാധിക്കും. ഇതിനുപുറമെ, “ടുഡേ അറ്റ് ആപ്പിൾ” എന്ന സൗജന്യ സെഷനുകളും ഈ സ്റ്റോറിൽഉപഭോക്താക്കൾക്കായി ഒരുക്കും. കോഡിങ് പോലുള്ള വിഷയങ്ങളിൽ ആപ്പിൾ വിദഗ്‌ധരിൽ നിന്ന് പഠിക്കാനുള്ള അവസരവും ഒരുക്കും.
ഇന്ത്യയിലെ ആപ്പിളിന്‍റെ ആദ്യത്തെ സ്റ്റോർ മുംബൈയിലെ ബാന്ദ്രയിൽ ആണ് തുറന്നത്. ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ‘ആപ്പിൾ ബികെസി’ എന്ന പേരിൽ ഇത് ആരംഭിച്ചത്. പിന്നീട് ഡൽഹിയിലെ സാകേതിലുള്ള സെലക്‌ട് സിറ്റിവാക്ക് മാളിലാണ് ഇന്ത്യയിലെ രണ്ടാമത്തെ സ്റ്റോർ തുറന്നത്. ഈ സ്റ്റോറുകളിലുടനീളം ഐഫോൺ, മാക്, ആപ്പിൾ വാച്ച് തുടങ്ങിയ ഉൽപ്പന്നങ്ങൾ എക്‌സ്‌പീരിയൻസ് ചെയ്യാനും വാങ്ങാനുമുള്ള സൗകര്യം ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതോടൊപ്പം, ഈ സ്റ്റോറുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് ട്രേഡ്-ഇൻ, സെറ്റ്-അപ് സപ്പോർട്ടും ലഭിക്കും.
















