മലൈക അറോറ അക്ഷരാർത്ഥത്തിൽ ഒരു ഫിറ്റ്നസ് പ്രേമിയാണ്. പതിവ് വ്യായാമത്തിനും അച്ചടക്കത്തോടെയുള്ള ഭക്ഷണക്രമത്തിനും പേരുകേട്ട ബോളിവുഡ് താരമാണ്. 51 വയസുണ്ടെങ്കിലും താരത്തെ കണ്ടാൽ ഇന്നും ചെറുപ്പമാണ്. ഓഗസ്റ്റിൽ പുറത്തിറങ്ങിയ ”ഓൾ എബൗട്ട് ഹെർ വിത്ത് സോഹ അലി ഖാൻ” എന്ന പരിപാടിയുടെ പ്രീമിയർ എപ്പിസോഡിൽ, ഫിറ്റ്നസ്, ആരോഗ്യം, ഭക്ഷണക്രമ രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് മലൈക പറയുകയുണ്ടായി.
മലൈകയുടെ ഫിറ്റ്നസിനു പിന്നിലെ രഹസ്യം എന്താണെന്ന് സോഹ ചോദിച്ചപ്പോൾ, മലൈകയുടെ മറുപടി ഇങ്ങനെ, “നെയ്യ് എന്റെ സൂപ്പർഫുഡാണ്. എന്റെ ജീവിതകാലം മുഴുവൻ ഞാൻ മുൻഗണന നൽകിയ ഒന്നാണിത്. നെയ്യ് കഴിച്ചാണ് ഞാൻ ദിവസം തുടങ്ങുന്നത്. സൂര്യാസ്തമയത്തിനുശേഷം ഞാൻ ഭക്ഷണം കഴിക്കാറില്ല. ഒരു ദിവസത്തിലെ എന്റെ അവസാന ഭക്ഷണം വൈകുന്നേരം 7 മണിക്കാണ്. പിന്നെ ഞാൻ ഭക്ഷണം കഴിക്കുന്നില്ല. അതിനുശേഷം അടുത്ത ദിവസം വരെ ഒന്നും കഴിക്കാതിരിക്കാൻ ഞാൻ ശ്രമിക്കും. രാവിലെ നേരത്തെ എഴുന്നേൽക്കും, പക്ഷേ ഒന്നും കഴിക്കില്ല. നെയ്യ് കഴിച്ചാണ് ഞാൻ ഉപവാസം അവസാനിപ്പിക്കുന്നത്. ഉച്ചയ്ക്ക് 12 നാണ് എന്റെ ആദ്യത്തെ ഭക്ഷണം കഴിക്കുന്നത്. അതാണ് എന്റെ പ്രധാന ഭക്ഷണം. ആ സമയത്ത് ഞാൻ എല്ലാം കഴിക്കുന്നു. ചോറ്, റൊട്ടി, സബ്സി തുടങ്ങി എല്ലാം ഞാൻ കഴിക്കുന്നു,” മലൈക വ്യക്തമാക്കി.
“ഉറക്കം, വെള്ളം, അച്ചടക്കം, സ്ഥിരത, ഇവയെല്ലാം വാക്കുകളാണെന്ന് എനിക്കറിയാം. പക്ഷേ നിങ്ങൾ അവ പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കുന്നു. ഞാൻ യഥാർത്ഥത്തിൽ ഈ തത്വങ്ങൾ അനുസരിച്ചാണ് ജീവിക്കുന്നത്. എനിക്ക് 51 വയസ്സായി, പക്ഷേ അത് ഒരു സംഖ്യ മാത്രമാണെന്ന് എനിക്ക് തോന്നുന്നു. പ്രായം എന്നെ നിർവചിക്കുന്ന ഒന്നല്ല, ഈ രീതിയിൽ ജീവിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു,” മലൈക പറഞ്ഞു.
ശരീരഭാരം കൂടാതെ നിലനിർത്തുന്നതിൽ ഏറെ ശ്രദ്ധാലുവാണ് മലൈക. ശരീരഭാരവും മാനസികാരോഗ്യവും നിലനിർത്തുന്നതിനായി ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പിന്തുടരുന്നയാളാണ് മലൈക. കൃത്യമായ ഡയറ്റ് പിൻതുടരുന്നതിനൊപ്പം തന്നെ, മിതമായ അളവിൽ ഭക്ഷണം കഴിക്കുകയും ചെയ്യുക എന്നതാണ് മലൈകയുടെ രീതി.
ഭക്ഷണം അമിതമായി കഴിക്കാതിരിക്കാൻ പ്ലേറ്റിൽ വളരെ അപൂർവമായി മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂവെന്ന് മറ്റൊരു അഭിമുഖത്തിൽ മലൈക വെളിപ്പെടുത്തിയിരുന്നു. എപ്പോഴും ബൗളില്‍ എടുത്താണ് ഭക്ഷണം കഴിക്കാറുള്ളത്. ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാൻ പ്ലേറ്റിനെക്കാള്‍ നല്ലത് ബൗള്‍ ആയതിനാലാണ് ഇങ്ങനെ ഭക്ഷണം കഴിക്കുന്നതെന്ന് മലൈക പറഞ്ഞിരുന്നു.
















