തിരുവനന്തപുരം: എംഎൽഎ സ്ഥാനം രാജിവെക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് മേൽ സമ്മർദ്ദം ശക്തം. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കടുത്ത നിലപാട് സ്വീകരിക്കുമ്പോള്‍ രാജി വേണ്ടെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുൽ തുടരുന്നതിനോടു ശക്തമായ വിയോജിപ്പുണ്ടെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആയിരിക്കെ തദ്ദേശ തിരഞ്ഞെടുപ്പ് നേരിട്ടാൽ യുഡിഎഫിനെ അത് ബാധിക്കുമെന്ന് കെപിസിസി നേതൃത്വം കരുതുന്നു. സ്ത്രീകളുടെ ഉൾപ്പെടയുള്ള വോട്ടുകൾ പലയിടങ്ങളിലും നഷ്ടമാകാൻ ഈ വിഷയം കരണമായേക്കാമെന്ന് നേതൃത്വം. ഗുരുതരമായ ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലുമായി നിയമസഭാ സമ്മേളനത്തിലേക്ക് പോകാൻ കഴിയില്ലെന്ന നിലപാടാണ് സതീശനടക്കമുള്ളവർക്ക് ഉള്ളത്. അതിനാൽ എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജികാര്യത്തിൽ അടിയന്തരമായി തീരുമാനമെടുക്കണം എന്നും ഇവർ വാദിക്കുന്നു. നിലവിലെ സാഹചര്യം ഹൈക്കമാൻഡിനേയും നേതാക്കൾ ധരിപ്പിച്ചിട്ടുണ്ട് . നിയമ സംവിധാനങ്ങൾക്കു മുന്നിൽ ഒരു പരാതി പോലും എത്താത്ത സാഹചര്യത്തിൽ, തിരക്കിട്ട രാജിയുടെ ആവശ്യമില്ലെന്ന രാഹുലിന്റെ വാദത്തെ പിന്തുണയ്ക്കുന്നവർ പാർട്ടിയിലുണ്ട്.
എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി വേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുന്ന നേതാക്കളും രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നില്ല. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം എംഎൽഎ സ്ഥാനം രാജിവെച്ചാൽ അത് പുതിയ കീഴ് വഴക്കം സൃഷ്ടിക്കുമെന്നാണ് ഇവർ ചൂണ്ടികാണിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലാകട്ടെ ഒരു കാരണവശാലും എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്ന നിലപാടിൽ തുടരുകയാണ്. കേസുണ്ടായിരുന്നവർ പോലും രാജിവെച്ചിട്ടില്ല എന്നാണ് രാഹുലിന്റെ ഇക്കാര്യത്തിലെ നിലപാട്. കഴിഞ്ഞദിവസം രാഹുൽ വാർത്താ സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും നേതൃത്വം വിലക്കിയിരുന്നു. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തി. കഴിഞ്ഞ മൂന്നു ദിവസമായി പൊതുപരിപാടികൾ ഒഴിവാക്കി പത്തനംതിട്ട അടൂരിലെ വീട്ടിലായിരുന്നു രാഹുൽ.
















