യുഎഇയിലെ ഇലക്ട്രിക് വാഹന ഉടമകൾക്ക് സന്തോഷവാർത്ത. കഴിഞ്ഞ 15 മാസത്തിനിടെ ആദ്യമായി ഇലക്ട്രിക് കാറുകളുടെ ഇൻഷുറൻസ് പ്രീമിയത്തിൽ വൻ കുറവ് രേഖപ്പെടുത്തി. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന വർധിപ്പിക്കാൻ സഹായിക്കും.
അതേസമയം ഈ വർഷം 9.5% വരെ കുറഞ്ഞ തുകയിലാണ് ഇൻഷുറൻസ് പുതുക്കുന്നത്. ഇൻഷുറൻസ് മാർക്കറ്റ് എഇ-യുടെ കണക്കനുസരിച്ച്, ഒരു വാഹനം പുതുക്കുമ്പോൾ ശരാശരി 5,270 ദിർഹം മാത്രമാണ് ഉടമകൾ നൽകുന്നത്.
2025-ന്റെ രണ്ടാം പാദത്തിൽ ഇത് 5,815 ദിർഹവും ഒന്നാം പാദത്തിൽ 5,437 ദിർഹവുമായിരുന്നു. ഇൻഷുറൻസ് നിരക്കുകൾ കുറയാൻ പ്രധാന കാരണം ഇൻഷുറൻസ് കമ്പനികളുടെ നയങ്ങളിൽ വന്ന മാറ്റങ്ങളാണ്.
ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് ഇൻഷുറൻസ് കമ്പനികൾക്ക് കൂടുതൽ വ്യക്തമായ ധാരണ ലഭിച്ചു. പരമ്പരാഗത ഇലക്ട്രിക് കാർ ബ്രാൻഡുകളായ ടെസ്‌ലക്ക് പുറമെ, ചൈനീസ് നിർമാതാക്കളായുള്ള പുതിയ ഇലക്ട്രിക് കാറുകളുടെ കടന്നുവരവും പ്രീമിയം കുറയാൻ കാരണമായി.
ഇലക്ട്രിക് വാഹനങ്ങളുടെ വൈവിധ്യം വർധിച്ചതോടെ ഇൻഷുറൻസ് കമ്പനികൾക്ക് വിവിധ വിലകളിലും റിസ്ക് പ്രൊഫൈലുകളിലുമുള്ള വാഹനങ്ങളെക്കുറിച്ച് പഠിക്കാൻ സാധിച്ചു. ഇത് കൂടുതൽ അനുയോജ്യമായ പ്രീമിയം ഘടന രൂപപ്പെടുത്താൻ സഹായിച്ചു എന്നാണ് റിപ്പോർട്ട്.
















