ശിവകാർത്തികേയനെ നായകനാക്കി എ.ആർ.മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘മദ്രാസി’. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിൻ്റെ ഒരു കിടിലൻ ഗാനം പുറത്തിറങ്ങി ഹിറ്റായത്. ഇപ്പോഴിതാ അനിരുദ്ധ് വീണ്ടും ഒരു ലവ് ട്രക്കുമായി എത്തിയിരിക്കുകയാണെന്നാണ് പ്രേക്ഷകർ പറയുന്നത്.
എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഇപ്പോൾ വഴിയിരേൻ എന്ന ഈ ഗാനമാണ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതുള്ളത്. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. സായ് അഭ്യങ്കാർ ആണ് ഗാനം ആലപിച്ചത്.
അനിരുദ്ധും അഭ്യങ്കാറും ആദ്യമായി ഒന്നിക്കുന്ന ഗാനമാണ് ഇത്. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്.
അതേസമയം ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജുമേനോനും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്. വിധ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രം സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിലെത്തും.
















