ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായുള്ള സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഒരുങ്ങി. സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും.
വന്‍ വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാകുന്നതോടെ കൂടുതല്‍ ആളുകള്‍ സപ്ലൈകോയെ ആശ്രയിക്കുന്നതായി ഔട്ട്‌ലെറ്റുകളുടെ സന്ദര്‍ശനത്തിനിടെ മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
വിപണിയടപെടല്‍ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ നാലുവരെ 10 ദിവസങ്ങളിലായാണ് സംസ്ഥാനത്ത് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. ജില്ലാ കേന്ദ്രങ്ങള്‍ക്ക് പുറമേ ഇക്കുറി 140 നിയമസഭാ മണ്ഡലങ്ങളിലും ഓണം ഫെയറുകള്‍ സംഘടിപ്പിക്കും. നിയമസഭാ മണ്ഡലങ്ങളില്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ നാല് വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. 200-ഓളം ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളുണ്ട് സപ്ലൈകോയില്‍. പൊതുവിപണിയെ അപേക്ഷിച്ച് വന്‍ വിലക്കുറവില്‍ ഇനി സാധനങ്ങള്‍ വാങ്ങാം.
















