രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയിൽ നിയമോപദേശം തേടാനൊരുങ്ങി കെപിസിസി. രാഹുൽ രാജിവെച്ചാൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുമോ എന്നതിൽ ഉപദേശം തേടും. രാഹുൽ മാങ്കൂത്തിലിൻറെ രാജിയിൽ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടിരിക്കുകയാണെന്നാണ് ഹൈക്കമാൻഡ് വ്യക്തമാക്കിയിരിക്കുന്നത്. രാഹുലിനെ ഹൈക്കമാൻഡും കെപിസിസി നേതൃത്വവും പൂർണമായി കൈവിട്ടിരിക്കുകയാണ്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ നിലപാട് കടുപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിലിനെ ഒരുനിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും എത്രയും വേഗം രാജിവെപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷനെയും എഐസിസി നേതൃത്വത്തെയും രമേശ് ചെന്നിത്തല നിലപാട് അറിയിച്ചു. കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യവുമായി കൂടുതൽ നേതാക്കൻമാർ രംഗത്തെത്തിയിരിക്കുകയാണ്. കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ വ്യക്തമാക്കി. ഉടൻ തന്നെ പാർട്ടി തീരുമാനം പ്രഖ്യാപിക്കുമെന്നും ഇന്നലെ പുറത്തുവന്ന ഫോൺ സംഭാഷണം കൂടുതൽ ഗൗരവമുള്ളതാണെന്നും കെ.മുരളീധരൻ പറഞ്ഞു.
രാഹുലിന്റെ രാജി ആവശ്യപ്പെട്ട് വനിതാനേതാക്കളും ഇന്ന് രംഗത്തെത്തി. രാഹുൽ എംഎൽഎ സ്ഥാനം രാജി വെച്ചേ പറ്റുവെന്ന് ഉമാ തോമസ് എംഎൽഎ പറഞ്ഞു. നിരവധി ആരോപണങ്ങൾ വന്നസ്ഥിതിക്ക് രാഹുൽ മാറിനിൽക്കുന്നതാണ് നല്ലെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ഇതുവരെ കേൾക്കാത്ത തരത്തിലുള്ള ആരോപണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
രാഹുൽ എംഎൽഎ പദവിയിൽ തുടരുന്നതിനോട് മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്. രാഹുൽ തുടരണോ എന്ന കാര്യം കോൺഗ്രസ് തീരുമാനിക്കട്ടെയെന്നാണ് കെപിഎ മജീദ് പ്രതികരിച്ചത്. രാഹുലിന്റെ രാജി ആവശ്യപ്പെട്ട് കെകെ രമയും രംഗത്തുണ്ട്.
















