സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്നും കേരള തീരത്ത് ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഞ്ഞ അലർട്ട്
ഓഗസ്റ്റ് 26: ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ഓഗസ്റ്റ് 27: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ഓഗസ്റ്റ് 28: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മത്സ്യബന്ധനത്തിനു വിലക്ക്
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ 26 മുതൽ 28 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 26 മുതൽ 28 വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 13 വരെ ലഭിച്ചത് 1427.7 മില്ലി മീറ്റർ മഴ ആണ്. ലഭിക്കേണ്ടതിൻ്റെ 12 ശതമാനം കുറവാണെങ്കിലും മെയ് 24 മുതലുള്ള കണക്ക് പരിശോധിച്ചാൽ റെക്കോർഡ് മഴയാണ് ലഭിച്ചത്. ജൂൺ ഒന്ന് മുതൽ നാല് വരെ മഴ കുറഞ്ഞത് ഒഴിച്ചാൽ ഇതുവരെ എല്ലാ ദിവസവും മഴ ലഭിച്ചിട്ടുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ, പത്തനംതിട്ട ജില്ലയിൽ ആണ്. കണ്ണൂരിൽ 2204.3മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 2433 മില്ലി മീറ്റർ മഴ ലഭിച്ചു. ലഭിക്കേണ്ടതിൻ്റെ 10 അധിക മഴയാണ് ലഭിച്ചത്. പത്തനം തിട്ടയിൽ 1210.5 മഴ ലഭിക്കേണ്ടിടത്ത് 1357.7 മില്ലി മീറ്റർ മഴ ലഭിച്ചു.
















