വരുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന് പൊതു പ്രകടന പത്രിക ആയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സഖ്യത്തിലെ എല്ലാ കക്ഷികളും ഒരുമിച്ച് പോരാടുമെന്നും അരാറിയയില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു. പ്രത്യയശാസ്‌ത്രപരമായും രാഷ്‌ട്രീയമായും എല്ലാ കക്ഷികളും ഒന്നിച്ച് നില്‍ക്കും. അത് കൊണ്ട് തന്നെ അതിന്‍റെ ഫലം തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു
എല്ലാവരും നല്ല പങ്കാളിത്തത്തിലാണ്. അത് കൊണ്ട് തന്നെ ആശങ്കകളേതുമില്ല. തങ്ങള്‍ പരസ്‌പരം ആദരിക്കുന്നു. വോട്ട് മോഷണം ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ബിഹാർ ‘വോട്ടർ അധികാർ യാത്ര’യിൽ സംസ്ഥാനത്തെ വോട്ടർ പട്ടിക ക്രമക്കേടുകൾക്കെതിരെ പ്രചാരണം നടത്തുന്നതിനിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് തേജസ്വി യാദവും നടത്തിയ ബീഹാർ യാത്ര ബുള്ളറ്റിലായിരുന്നു. ഇതിനെതിരെവിമർശനവും ഉയരുന്നുണ്ട് ഇപ്പോൾ. പുറത്താക്കപ്പെട്ട ആർജെഡി എംഎൽഎ തേജ് പ്രതാപ് യാദവ് തന്റെ ഇളയ സഹോദരൻ തേജസ്വി യാദവിനെയും രാഹുൽ ഗാന്ധിയെയും പരസ്യമായി വിമർശിക്കുകയും സാധാരണക്കാരുമായുള്ള അവരുടെ ബന്ധത്തെ ചോദ്യം ചെയ്യുകയും ചെയ്തു.
“തിരഞ്ഞെടുപ്പ് സമയത്ത് എല്ലാവരും സ്വന്തം അപ്പം പാകം ചെയ്ത് സ്വന്തം വഴി ഒരുക്കുന്ന തിരക്കിലാണ്. തേജസ്വിയും രാഹുലും അവരുടെ യാത്ര നടത്തുന്നു, പക്ഷേ ഞങ്ങൾ ചെറിയ ഗ്രാമ പാതകളിലൂടെ നടക്കാൻ ആഗ്രഹിക്കുന്നു,” തേജ് പ്രതാപ് പറഞ്ഞു.
ഈ മാസം പതിനേഴിനാണ് വോട്ട് അധികാര്‍ യാത്ര തുടങ്ങിയത്. സസാരത്ത് നിന്നാണ് യാത്ര തുടങ്ങിയത്. പതിനാറ് ദിവസം കൊണ്ട് ഇരുപത് ജില്ലകളിലൂടെ യാത്ര കടന്ന് പോകും. സെപ്റ്റംബര്‍ ഒന്നിന് പട്‌നയിലാണ് യാത്ര അവസാനിക്കുന്നത്.
















