തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷ വിമർശനവുമായി ബിഹാർ നിയമസഭാ പ്രതിപക്ഷ നേതാവും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്. ബിജെപിയുടെ പാർട്ടി സെൽ ആയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തിക്കുന്നതെന്ന് തേജസ്വി യാദവ് വിമർശിച്ചു. ബിഹാറിലെ അരാരിയയിൽ നടന്ന ‘വോട്ടർ അധികാർ യാത്ര’യ്ക്കിടെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആര്‍ജെഡി നേതാവിൻ്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് കമ്മിഷന് ജനങ്ങൾക്കിടയിൽ വിശ്വാസ്യത നഷ്‌ടപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇപ്പോൾ ‘ഗോഡി കമ്മിഷൻ’ ആയി മാറിയിരിക്കുന്നു. ബിജെപിയുടെ സെൽ പോലെയാണ് കമ്മിഷൻ പ്രവർത്തിക്കുന്നത്. ജനാധിപത്യം, ഭരണഘടന, വോട്ടവകാശം എന്നിവ സംരക്ഷിക്കുന്നതിനാണ് രാഹുൽ ഗാന്ധിയും താനും ഈ യാത്ര ആരംഭിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും തെരഞ്ഞെടുപ്പ് കമ്മിഷനില്‍ വിശ്വാസ്യത നഷ്‌ടപ്പെട്ടെന്നും തേജസ്വി യാദവ് കുറ്റപ്പെടുത്തി.
ബിഹാറിലെ വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ (SIR) നിരവധി വോട്ടർമാരെ മരിച്ചവരായി കാണിക്കുന്നുണ്ട്. ഓരോ ബൂത്തിലും ഏകദേശം 50 വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്‌തിട്ടുണ്ട്. ജീവിച്ചിരിക്കുന്നവരെ മരിച്ചവരായി കാണിച്ചതിന് സുപ്രീം കോടതിയിൽ തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















