ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി രണ്ടാം തവണയും അധികാരം ഏറ്റെടുത്തതിന് പിന്നാലെ അമേരിക്കയിലെ കുടിയേറ്റ ജനസംഖ്യയിൽ ഗണ്യമായ കുറവെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ 50 വർഷമായി അമേരിക്കയിലെ കുടിയേറ്റ ജനസംഖ്യ വർധിക്കുകയായിരുന്നു. എന്നാൽ ജനുവരിയിൽ ട്രംപ് അധികാരം ഏറ്റെടുത്തതിന് പിന്നാലെ പത്ത് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ എണ്ണത്തിൽ കുറവാണ് ഉണ്ടായതെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടികളാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കുടിയേറ്റ ജനസംഖ്യയിൽ കുറവുണ്ടായതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പ്യൂ റിസർച്ച് സെന്ററിന്റെ പഠനമനുസരിച്ച്, ട്രംപ് രണ്ടാം തവണയും വൈറ്റ് ഹൗസിൽ തിരിച്ചെത്തിയ ജനുവരിയിൽ യുഎസിൽ 53.3 ദശലക്ഷം കുടിയേറ്റക്കാർ ഉണ്ടായിരുന്നു. ജൂണിൽ കുടിയേറ്റക്കാരുടെ എണ്ണം 51.9 ദശലക്ഷമായി കുറഞ്ഞു. 1.4ദശലക്ഷം ആളുകളുടെ കുറവാണ് രേഖപ്പെടുത്തിയത്.
2025 ജനുവരിയിലെ കണക്കനുസരിച്ച്, എല്ലാ സംസ്ഥാനങ്ങളിലെയും യുഎസ് നിവാസികളിലും ഏകദേശം 15.8 ശതമാനം പേർ കുടിയേറ്റക്കാരായിരുന്നു. ഇത് ചരിത്രപരമായ ഒരു ഉയർന്ന നിരക്കാണ്. എന്നാൽ ട്രംപ് അധികാരം ഏറ്റെടുത്തതിന് പിന്നാലെ ഇത് 15.4 ശതമാനമായി കുറഞ്ഞു. ട്രംപ് സത്യപ്രതിജ്ഞ ചെയ്ത ജനുവരി മുതൽ 750,000 കുടിയേറ്റ തൊഴിലാളികൾ യുഎസ് ലേബർ ഫോഴ്‌സിൽ നിന്ന് പുറത്തുപോയെന്നും റിപ്പോർട്ടിൽ പറയുന്നു.
അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടിക്ക് നേതൃത്വം നൽകുന്ന യുഎസ് ഏജൻസികളിൽ ഒന്നായ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) രാജ്യത്തുടനീളം നിരവധി ഇമിഗ്രേഷൻ റെയ്ഡുകൾ നടത്തുകയും സംശയിക്കുന്നവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതാണ് ജനസംഖ്യയിൽ കുറവുവരാനുള്ള കാരണം.
















