ഇന്ത്യയിൽ നിന്നുള്ള ഉത്പ്പന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ചുള്ള ട്രംപിന്റെ പ്രഖ്യാപനം സംസ്ഥാനത്തെ മത്സ്യമേഖലയെ വീണ്ടും തകർച്ചയിലേക്ക് തള്ളിയിടുകയാണ്. ഓഖി ദുരന്തത്തെ തുടർന്നുള്ള പ്രതിസന്ധികളും കടലാമ സംരക്ഷണത്തിന്റെ പേരിൽ കടൽ ചെമ്മീൻ ഉൾപ്പടെയുള്ളവയുടെ കയറ്റുമതിയിലെ നിയന്ത്രണങ്ങളിൽ നിന്നുമെല്ലാം പതിയെ ഈ മേഖല തിരിച്ചുവരവ് നടത്തുന്നതിനിടയിലാണ് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടായത്. ഇതോടെ നിരവധി പേർ തൊഴിലെടുക്കുന്ന കേരളത്തിലെ മത്സ്യസംസ്കരണ മേഖല പൂർണമായും സംത്ഭിച്ച രീതിയാണ്.
രാജ്യത്ത് തന്നെ ഏറ്റവുമധികം മത്സ്യസംസ്‌കരണ ശാലകൾ പ്രവർത്തിക്കുന്നത് കേരളത്തിലാണ്. രാജ്യത്തെ മത്സ്യസംസ്‌കരണത്തിന്റെ ഹബ്ബ് എന്നാണ്കൊച്ചി അറിയപ്പെടുന്നത് പോലും. ആന്ധ്രാ പ്രദേശ് ഉൾപ്പടെയുള്ള ഇന്ത്യയിൽ ഏറ്റവുമധികം ചെമ്മീൻ ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്ത് നിന്നുള്ള മത്സ്യങ്ങൾ പോലും സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്നത് കേരളത്തിലെ സംസ്‌കരണ ശാലകളിൽ നിന്നാണ്.
കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമാണ് ഏറ്റവുമധികം മത്സ്യസംസ്‌കരണ ശാലകൾ പ്രവർത്തിക്കുന്നത്. എറണാകുളം ജില്ലയിലെ തോപ്പുംപടി മുതൽ ആലപ്പുഴ ജില്ലയിലെ ചന്തിരൂർ വരെയുള്ള ഭാഗത്തായി മാത്രം 35 മത്സ്യസംസ്‌കരണ ശാലകളാണ് പ്രവർത്തിക്കുന്നത്. ഏകദേശം 50000-ത്തോളം തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നത്. പ്രതിവർഷം 520 ടൺ മത്സ്യ വിഭവങ്ങളാണ് ഇവിടെ നിന്ന് സംസ്‌കരണം ചെയ്യുന്നത്.
മത്സ്യവിഭവങ്ങൾ പ്രധാനമായും കയറ്റുമതി ചെയ്യുന്നത് അമേരിക്കയിലേക്കാണ്. പ്രതിവർഷം അമേരിക്കയിലേക്ക് 2.5 മില്യൺ ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. ജപ്പാൻ, യൂറോപ്യൻ രാജ്യങ്ങൾ, ചൈന, ഗൾഫ് രാജ്യങ്ങൾ അടക്കം കയറ്റുമതിയുണ്ടെങ്കിലും കാലങ്ങളായി അമേരിക്കയാണ് പ്രധാന കമ്പോളമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.
കേരളത്തിൽ മാത്രം മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന 50,000 പേരെ ട്രംപിന്റെ നടപടി ബാധിക്കും.അൻപതിനായിരത്തോളം പേർ നേരിട്ടും ഒരുലക്ഷത്തോളം പേർ പരോക്ഷമായും ജോലി നോക്കുന്നതാണ് കേരളത്തിലെ മത്സ്യസംസ്കരണ മേഖല.
നിലവിൽ മത്സ്യമേഖലയിൽ 2.49 ശതമാനം ആന്റി ഡംബ്ബിങ് ഡ്യൂട്ടിയും 5.7 ശതമാനം കൗണ്ടർവെയിലിങ് ഡ്യൂട്ടിയും നിലവിലുണ്ട്. ഇതിനൊപ്പം ട്രംപിന്റെ 50 ശതമാനം താരിഫ് കൂടി പ്രാബല്യത്തിൽ വരുന്നതോടെ മത്സ്യമേഖലയിലെ നികുതി 58.26 ശതമാനമായി വർധിക്കും. ട്രംപിന്റെ ചുങ്കവർധന രാജ്യത്ത് തന്നെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് മത്സ്യം ഉൽപ്പാദിപ്പിക്കുകയും, സംസ്‌കരിക്കുകയും, കയറ്റുമതി ചെയ്യുകയും ചെയ്യുന്ന മേഖലയെയാണ്.
കടലാമ സംരക്ഷണത്തിന്റെ പേരിൽ നടപ്പാക്കപ്പെട്ട കടൽ ചെമ്മീനുകളുടെ നിരോധനത്തിന്റെ പേരിൽ കഴിഞ്ഞ അഞ്ച് വർഷത്തിനകം ഇന്ത്യയ്ക്ക് 500 ദശലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പുതിയ നിരക്ക് വർധന മൂലം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ ചുരുങ്ങിയത് 30 ശതമാനം എങ്കിലും ഇടിവ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
ഇതിനു പുറമേ നാലുവർഷം മുമ്പ് 3000 രൂപയായിരുന്ന കണ്ടെയ്‌നർ -റീഫറുകളുടെ കപ്പൽ ചാർജ് 6500 രൂപയും സെപ്റ്റംബർ മുതൽ 12500 രൂപയുമായി നിജപ്പെടുത്തിയിട്ടുമുണ്ട്. ഒരു കിലോഗ്രാം ചെമ്മീൻ കയറ്റുമതി ചെയ്യുന്നതിന് 16 രൂപയായിരുന്ന കയറ്റുമതി കൂലി 60 രൂപയായി വർധിച്ചിരിക്കുകയാണ്. പുതിയ സാഹചര്യത്തിൽ ആന്ധ്രയിൽ നിന്ന് വാങ്ങുന്ന ചെമ്മീനിന് 100 കൗണ്ടിന് 270 രൂപയായിരുന്നത് ഇപ്പോൾ കേവലം 215 രൂപയായി ഇടിഞ്ഞിരിക്കുകയാണ്. കയറ്റുമതി മേഖലയെയാണ് ഇതെല്ലാം പ്രതികൂലമായി ബാധിക്കുന്നത്.
അമേരിക്കയിലെ ചെമ്മീൻ ഉപഭോഗത്തിൽ 94 ശതമാനവും ഇറക്കുമതി ചെമ്മീനാണ്. ഇതിൽ ഇന്ത്യയുടെ വിഹിതം 46.3 ശതമാനമാണ്. അതായത് അമേരിക്ക ഇറക്കുമതി ചെയ്യുന്ന ചെമ്മീന്റെ പകുതിയും ഇന്ത്യയിൽ നിന്നാണ്. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവുമധികം ചെമ്മീൻ അമേരിക്ക വാങ്ങുന്നത് ഗ്വാട്ടിമാലയിൽ നിന്നാണ്. 26 ശതമാനമാണ് ഇവിടെ നിന്ന് വാങ്ങുന്നത്. ഇന്തോനേഷ്യ, ബംഗ്ലാദേശ്, വിയറ്റ്‌നാം, മ്യാൻമാർ തുടങ്ങി രാജ്യങ്ങളിൽ നിന്നും യുഎസ് ചെമ്മീൻ ഇറക്കുമതി ചെയ്യുന്നുണ്ട്.
ഇന്ത്യയക്ക് 58.26 ശതമാനം തീരുവ വരുമ്പോൾ ഗ്വാട്ടിമാലയ്ക്ക് ഉള്ളത് കേവലം 26 ശതമാനം മാത്രമാണ്. നിലവിലുള്ളതിനൊപ്പം 15 ശതമാനം തീരൂവ മാത്രമാണ് ട്രംപ് ഗ്വാട്ടിമാലയ്ക്ക് പ്രഖ്യാപിച്ചത്. ഇന്തോനേഷ്യ, ബംഗ്ലാദേശ്, വിയറ്റ്‌നാം ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് ഇന്ത്യയുടേതിന് സമാനമായ നികുതി ഏർപ്പെടുത്തിയിട്ടില്ല. നിലവിലെസാഹചര്യത്തിൽ അമേരിക്കയിലെ കച്ചവടക്കാർ ഇന്ത്യൻ മത്സ്യ ഉത്പ്പന്നങ്ങൾ വാങ്ങുന്നത് ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങൾ തേടി പോകുന്ന സാഹചര്യമാണ് .
നേരത്തെ, അമേരിക്കയിലെ സതേൺ ഷ്റിംപ് അലയൻസ് എന്ന സംഘടനയും, എട്ട് ദക്ഷിണ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന അവിടത്തെ ഉത്പാദകരുടെ അഡ് ഹോക്ക് ഷ്‌റിംപ് ട്രേഡ് ആക്ഷൻ കമ്മിറ്റിയും നിരന്തരമായി ഇന്ത്യയുടെ നികുതി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ആഭ്യന്തര ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുക എന്ന നിലയിലാണ് ഈ ആവശ്യം അവർ മുന്നോട്ടുവച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് ആന്റി ഡംബ്ലിങ് ഡ്യൂട്ടിയും കൗണ്ടർവെയ്‌ലിങ് ഡ്യൂട്ടിയും വർധിപ്പിച്ചത്. ഇതിനൊപ്പം പുതിയ താരിഫ് കൂടി വന്നതോടെ അക്ഷരാർത്ഥത്തിൽ ഇന്ത്യയിൽ നിന്നുള്ള മത്സ്യ ഉത്പ്പന്നങ്ങൾ അമേരിക്കയിൽ നിന്ന് ഇല്ലാതാകുന്ന സ്ഥിതിയാണ്.
അമേരിക്കയിലേക്കുള്ള മത്സ്യ സംസ്‌കരണ വസ്തുക്കളുടെ കയറ്റുമതിയിൽ ഇന്ത്യ മികച്ച നേട്ടം കൈവരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത തിരിച്ചടി. 2019-ൽ 9000 കോടി രൂപയുടെ ചെമ്മീൻ ഉത്പ്പന്നങ്ങളാണ് കയറ്റുമതി ചെയ്തിരുന്നതെങ്കിൽ അഞ്ച് വർഷം കൊണ്ടത് 67000 കോടിയായി വർധിച്ചിരുന്നു.
2025-26 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം കോടിയായി കയറ്റുമതി വർധിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇരുട്ടടിയായി അമേരിക്കയുടെ താരിഫ് പ്രഖ്യാപനം. ജൂൺ-ജൂലൈ മാസത്തെ ട്രോളിങ് നിരോധനത്തിന് ശേഷം മത്സ്യമേഖലയിൽ ഏറ്റവുമധികം ഉത്പാദനം ഉണ്ടാകുന്നത് ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള സമയത്താണ്. മത്സ്യമേഖലയിൽ ഉത്പാദനം ഏറ്റവുമധികം ഉണ്ടാകേണ്ട സാഹചര്യത്തിലുള്ള താരിഫ് പ്രഖ്യാപനം ഈ മേഖലയെ തളർത്തുകയാണ്.
















