ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകള്‍ ഇസ്രായേലില്‍ തെരുവിലിറങ്ങി. പല നഗരങ്ങളിലും നടന്ന ഈ പ്രതിഷേധ റാലിയില്‍ ധാരാളം ആളുകള്‍ പങ്കെടുത്തു. ഗാസ നഗരം പിടിച്ചെടുക്കാനുള്ള സൈന്യത്തിന്റെ പദ്ധതി ബാക്കിയുള്ള ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ബന്ദികളെ മോചിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കിക്കൊണ്ട് ഒരു താല്‍ക്കാലിക ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് മുന്‍ ഇസ്രായേലി പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഹമാസുമായുള്ള ഏതൊരു കരാറിനെയും എതിര്‍ക്കുന്ന തീവ്ര വലതുപക്ഷ അംഗങ്ങളെയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഖ്യം നിലവില്‍ ആശ്രയിക്കുന്നത്.
അതേസമയം, ഇസ്രായേലി ആക്രമണങ്ങളും പോഷകാഹാരക്കുറവും മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 60 ലധികം മരണങ്ങള്‍ രേഖപ്പെടുത്തിയതായി ഗാസ ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. ഗാസയിലെ സ്ഥിതിഗതികളെ ‘മാനവികതയുടെ പരാജയം’ എന്ന് വിശേഷിപ്പിച്ച യുഎന്‍ സെക്രട്ടറി ജനറല്‍, അടിയന്തര വെടിനിര്‍ത്തല്‍, എല്ലാ ബന്ദികളെ മോചിപ്പിക്കല്‍, മാനുഷിക സഹായം ഉറപ്പാക്കല്‍ എന്നിവയ്ക്ക് ആഹ്വാനം ചെയ്തു.
















