കണ്ണൂർ കല്ല്യാട്ടെ കവർച്ച നടന്ന വീട്ടിൽ നിന്ന് കാണാതായ യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. വായിൽ സ്ഫോടക വസ്തു തിരുകി പൊട്ടിച്ച് അതിക്രൂരമായിട്ടാണ് ദർഷിതയെ കൊലപ്പെടുത്തിയിരിക്കുന്നത്. ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റർ ആണ് ഉപയോഗിച്ചതെന്നാണ് സൂചന.
കല്ല്യാട്ട് മോഷണം നടന്ന വീട്ടിൽ നിന്നും കാണാതായ യുവതിയെ കർണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദർഷിതയുടെ ആൺസുഹൃത്ത് സിദ്ധരാജുവിനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു.
ദർഷിതയുടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയുമാണ് കാണാതായത്. സ്വർണവും പണവും നഷ്ടപ്പെട്ട ദിവസമാണ് ദർഷിത വീട് പൂട്ടി കർണാടകയിലേക്ക് പോയത്. സ്വർണവും പണവും കവർന്നതിന് പിന്നിൽ ദർഷിതയും ആൺസുഹൃത്തുമെന്നാണ് പൊലീസിന്റെ സംശയം.
















