രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതികരണവുമായി കെ മുരളീധരൻ. എംഎൽഎ സ്ഥാനം രാജി വെക്കണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുലാണ്. കടിച്ചു തൂങ്ങണമോ വേണ്ടയോ എന്ന് രാഹുൽ തീരുമാനിക്കട്ടെ എന്ന് കെ മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ജനാധിപത്യ പാർട്ടിയിൽ ചെയ്യുന്നതിന് ചില നടപടിക്രമങ്ങൾ ഉണ്ട്. പൊതുസമൂഹം ചർച്ച ചെയ്യുന്ന വിഷയം എന്ന രീതിയിലാണ് സസ്പെൻഷൻ നടപടിയെന്ന് കെ മുരളീധരൻ പറഞ്ഞു. എന്നാൽ ഇപ്പോഴും രേഖാമൂലം പരാതികൾ ലഭിച്ചിട്ടില്ലെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഇത് അവസാന നടപടിയായി എന്ന് കരുതേണ്ടെന്നും കൂടുതൽ പ്രതികരണങ്ങളും പരാതികളും വരുന്ന ഘട്ടത്തിൽ മൂന്നാംഘട്ട നടപടി ഉണ്ടാകുമെന്ന് കെ മുരളീധരൻ പറഞ്ഞു. ഒന്നാം ഘട്ടം യൂത്ത് കോൺഗ്രസ് അധ്യക്ഷപദവി രാജിവച്ചു. രണ്ടാം ഘട്ടം പ്രാഥമിക അംഗത്വത്തിൽ സസ്പെൻഷൻ. ഇനി മൂന്നാംഘട്ട നടപടിയും ഉണ്ടാകു. ഇത്ര നടപടി മുൻപ് ഒരു രാഷ്ട്രീയ പാർട്ടിയും കൈകൊണ്ടിട്ടില്ലെന്ന് മുരളീധരൻ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് വന്നാൽ പരാജയഭീതി കോൺഗ്രസിന് ഇല്ലെന്ന് കെ മുരളീധരൻ വ്യക്തമാക്കി. ആരോപണങ്ങൾ വന്നാൽ പാർട്ടിക്ക് നോക്കിയിരിക്കാൻ സാധിക്കുകയില്ല. ഇപ്പോൾ പുറത്തുവന്ന ഓഡിയോയുടെ ആധുകാരികത അടക്കം അറിയേണ്ടതുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശദീകരണം കൂടി കേൾക്കും. ഇപ്പോഴത്തെ സസ്പെൻഷൻ ഒരു സ്ഥിരം ഏർപ്പാട് അല്ല. കൂടുതൽ കടുത്ത നടപടിയിലേക്ക് പോകാൻ പാർട്ടിക്ക് മടിയില്ലെന്ന് അദേഹം പറഞ്ഞു. തന്നെ സ്ഥാനാർഥിയാക്കിയ പാർട്ടി തങ്ങളോടൊപ്പം കൂടണ്ട എന്ന് പറഞ്ഞ സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കാനുള്ള അവകാശം രാഹുലിനുണ്ട്. അത് വേണോ വേണ്ടയോ എന്ന് അദേഹം തീരുമാനിക്കട്ടേയെന്ന് മുരളീധരൻ പറഞ്ഞു. എംഎൽഎ സ്ഥാനത്തിന്റെ മൂല്യങ്ങളിൽ നിന്ന് രാഹുൽ പിന്നോട്ട് പോയി. രാജിവെക്കണം എന്നാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നും കെ മുരളീധരൻ പറഞ്ഞു.
















