രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ചതിന് കടുത്ത സൈബർ ആക്രമണം നേരിടുന്ന ഉമ തോമസ് എംഎൽഎയ്ക്ക് സംരക്ഷണം ഒരുക്കുമെന്ന് വി കെ സനോജ്. പണം കൊടുത്ത് ആളുകളെ ഇറക്കിയാണ് ഷാഫി പറമ്പിൽ സൈബർ കൂട്ടത്തെ നിയന്ത്രിക്കുന്നതെന്നും വി കെ സനോജ് വ്യക്തമാക്കി.
ഉമ തോമസിൽ നിന്നും ഒരമ്മയുടെ ഭാഗത്തുനിന്നുള്ള പ്രതികരണമാണ് ഉണ്ടായത്. എന്നാൽ ഷാഫിയുടെ അനുയായികൾ അത് നേരിട്ടത് ക്രൂരമായി എന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. ഷാഫിയുടെ വെട്ടുകിളിക്കൂട്ടം ഭീകരമായി ആക്രമിച്ചു. ആരെങ്കിലും ഇതിനെതിരെ കോൺഗ്രസിൽ എന്തെങ്കിലും പറഞ്ഞോ. കെസി വേണുഗോപാലിന്റെ ഭാര്യക്കും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കേണ്ടിവന്നു. ഉമാ തോമസിന് ഡിവൈഎഫ്ഐ സംരക്ഷണമൊരുക്കും.പണം കൊടുത്ത് ആളുകളെ ഇറക്കിയാണ് ഷാഫി സൈബർ കൂട്ടത്തെ നിയന്ത്രിക്കുന്നത്. എവിടെ നിന്നുമാണ് ഇവർക്ക് എത്ര പണം ലഭിക്കുന്നത് ? വയനാടിനു വേണ്ടി പിരിച്ചെടുത്ത പണം കൂടി ഇതിന് ഉപയോഗിക്കുന്നുണ്ടെന്നും വി കെ സനോജ് ആരോപിച്ചു. രാജിവെച്ചാലും ഇല്ലെങ്കിലും രാഹുൽ മാങ്കൂട്ടം പാലക്കാട്ട് എംഎൽഎ എന്ന നിലയിൽ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്നും വി കെ സനോജ് വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലും ഉമ തോമസിൻ്റെ ഫേസ്ബുക്കിലുമാണ്’ കോൺഗ്രസ് അനുകൂലികൾ തന്നെ ഉമാ തോമസിനെതിരെ സൈബർ ആക്രമണം നടത്തുന്നത്. കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണപ്പോൾ ചത്താൽ മതിയായിരുന്നുവെന്നടക്കമുള്ള ആക്ഷേപ കമൻ്റുകളാണ് ഗ്രൂപ്പിൽ നടത്തുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്നായിരുന്നു ഉമ തോമസ് ആവശ്യപ്പെട്ടത്. രാഹുല്‍ ഒരു നിമിഷം പോലും പാര്‍ട്ടിയില്‍ തുടരാന്‍ യോഗ്യനല്ല. പുറത്താക്കാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസ് നേതാക്കള്‍ കാണിക്കണം. രാഹുലിനെതിരെ പെണ്‍കുട്ടികള്‍ പരാതിനല്‍കാന്‍ തയാറാകണമെന്നും ഉമ തോമസ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് രാഹുൽ-ഷാഫി അനുകൂലികളുടെ സൈബർ ആക്രമണം.
















