തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്തത് പേരിന് മാത്രമുള്ള പാര്‍ട്ടി നടപടിയെന്ന് മന്ത്രി എം.ബി.രാജേഷ്. രാഹുൽ മാങ്കൂട്ടത്തിലുമായി കോണ്‍ഗ്രസ് ഒത്തുകളിച്ചെന്നും, രാഹുലിനെ പാർട്ടി നേതൃത്വം സംരക്ഷിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിന് പോലും പറ്റാത്ത ഒരാളെ എംഎല്‍എയായി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളതെന്ന് മന്ത്രി ചോദിച്ചു. കോണ്‍ഗ്രസ് നേതൃത്വം എംഎല്‍എയുമായി ഒത്തുകളിച്ചിരിക്കുകയാണെന്നും എംഎല്‍എ സ്ഥാനത്ത് തുടരാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സൗകര്യമൊരുക്കിയിരിക്കുകയാണെന്നും മന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത് പേരിന് മാത്രമുള്ള പാര്‍ട്ടി നടപടിയാണ്. ഇതോടെ ഒത്തുകളി വ്യക്തമായിരിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
രാഹുലിന് എതിരേയുള്ള ആക്ഷേപങ്ങള്‍ പലതും ഉത്തരവാദിത്തപ്പെട്ടവരുടെ മുന്‍പാകെ നേരത്തെ അവതരിപ്പിച്ചതാണെന്ന് ആദ്യം ആരോപണം ഉന്നയിച്ച പെണ്‍കുട്ടി പറഞ്ഞിരുന്നതാണെന്നും എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് നേതൃത്വം സംരക്ഷിക്കുകയാണെന്നും മന്ത്രി എം.ബി.രാജേഷ് കൂട്ടിച്ചേര്‍ത്തു. ഉമാ തോമസിനെതിരായി വ്യക്തിഹത്യ നടത്തുന്നത് കോണ്‍ഗ്രസ് അണികളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.ആ വ്യക്തിഹത്യയെ താന്‍ ശക്തമായി അപലപിക്കുകയാണ്. സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവരെ പോലും വ്യക്തിഹത്യ നടത്തുകയാണ് കോണ്‍ഗ്രസ് എന്നും മന്ത്രി വിമര്‍ശിച്ചു. ഉമ തോമസ് എംഎല്‍എയോട് രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസമുണ്ടാകും. എന്നാല്‍ ഇടതുപക്ഷത്തുനിന്ന് ഒരാളും ഇതുവരെ ഉമ തോമസിനെ ആക്ഷേിപിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
















