ലൈംഗിക ആരോപണം നേരിടുന്ന രാഹുലിനെ തിരിഞ്ഞുകൊത്തി പഴയ കുറിപ്പ്. പ്രണയത്തെ കുറിച്ചും പ്രണയത്തില്‍ വന്നുപോയ മ്യൂലച്യുതികളെ കുറിച്ചും ആശങ്കപ്പെട്ട് കോളജ് കാലത്ത് രാഹുല്‍ മാങ്കൂട്ടത്തിലെഴുതിയ കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ബഷീറെഴുതുമോ ഇതുപോലെ എന്ന ക്യാപ്ഷനോടെ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ യൂണിയന്‍ മാഗസിനില്‍ 2009–10 കാലത്തെഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രണയം പലപ്പോഴും അതിരുകള്‍ വിട്ട് മാംസക്കൊതിയന്‍മാരുടെ കാമവെറികള്‍ക്ക് കീഴടങ്ങിയിരിക്കുന്നുവെന്ന് കുറിപ്പില്‍ രാഹുല്‍ ആകുലപ്പെടുന്നുണ്ട്.
പ്രണയബന്ധങ്ങളുടെ ആത്മാര്‍ഥതയിലും തീവ്രതയിലും ഇടിവ് സംഭവിച്ചതില്‍ ആശങ്കപ്പെടുന്ന രാഹുലിനെ വരികളിലൂടെ വായിച്ചെടുക്കാം. ചന്ദ്രികയുടെയും രമണന്‍റേയും പ്രണയവും മജീദിന്‍റെയും സുഹ്റയുടെയും ലൈല–മജ്നു പ്രണയത്തെ കുറിച്ചുമെല്ലാം വിശദമായി കുറിപ്പിലുണ്ട്. ഇതിന് പിന്നാലെയാണ് പുതിയകാലത്തെ പ്രണയത്തെ കുറിച്ചും പ്രണയത്തിലെ ചതിക്കുഴികളെ കുറിച്ചുമെല്ലാം ആശങ്കപ്പെടുന്ന ഭാഗമുള്ളത്.
കുറിപ്പിലെ പ്രസക്തഭാഗങ്ങളിങ്ങനെ….
‘ഇന്ന് പ്രണയമെന്ന വാക്ക് ഡേറ്റിങ് എന്നും ചാറ്റിങെന്നും ചീറ്റിങെന്നുമൊക്കെയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. പ്രണയം പലപ്പോഴും അതിരുകള്‍ വിട്ട് മാംസക്കൊതിയന്‍മാരുടെ കാമവെറികള്‍ക്കും കാമറക്കണ്ണുകള്‍ക്കും കീഴടങ്ങിയിരിക്കുന്നു. വസ്ത്രം മാറുന്നതുപോലെ പ്രണയം മാറുന്നത് ക്യാംപസിന്‍റെ പുതിയ ട്രെന്‍ഡാണ്.
ക്യാംപസ് പ്രണയങ്ങള്‍ക്ക് മുന്നില്‍ ദാമ്പത്യത്തിന്‍റെ വാതായനങ്ങള്‍ ഇന്ന് കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു. ഒരു മൊബൈലില്‍ നിന്ന് ഒരുപാട് കാമുകന്‍മാരെയും കാമുകിമാരെയും സമ്പാദിച്ച് രസിക്കുകയാണ് പലരും. മിസ്ഡ് കോളില്‍ നിന്ന് വിരിയുന്ന പ്രണയങ്ങള്‍പരിധിക്ക് പുറത്താകുമ്പോള്‍ താനേ കട്ടാകുന്നതും ഇന്ന് പതിവുകാഴ്ചകളാണ്.
ഒരു കിനാവിലെന്ന പോലെ പ്രണയത്തിന്‍റെ വാതായനങ്ങള്‍ എനിക്ക് തുറന്നുതന്ന ഇന്നലെകളിലെ ആ സുന്ദര നിമിഷങ്ങളിലെ നായികയ്ക്കും അതെന്നില്‍ നിന്ന് തട്ടിയകറ്റിയ വിധിയുടെ ക്രൂര വിനോദത്തിനും നന്ദി. ക്യാംപസ് ഇപ്പോഴും വിജനമാണ്. വിജനമായ ക്യംപസിന്‍റെ ഏകാന്തതയിലെന്ന പോലെ വിജനമായ മനസുമായി ലക്ഷ്യങ്ങളില്ലാതെ ഞാന്‍ യാത്ര തുടരുകയാണ്’.
















