കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ തോമസ് ഐസക്കിനെ ‘വിജ്ഞാന കേരളം’ ഉപദേശകനാക്കിയതിനെതിരായ ഹർജി ഹൈക്കോടതി തള്ളി. തെറ്റിദ്ധാരണയുണ്ടാക്കുന്ന ഹര്‍ജി എന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രതികരിച്ചത്.
ഒരുപാട് തെറ്റിദ്ധാരണകളോടെയാണ് ഹര്‍ജി കോടതിയുടെ മുന്നിലെത്തിച്ചിരിക്കുന്നത്. അതിനാല്‍ ഹര്‍ജിതന്നെ നിലനില്‍ക്കുന്നതല്ലെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വിധിന്യായത്തിന്റെ പൂര്‍ണരൂപത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണുള്ളത്.
ഐസക്കിന്റെ നിയമനം ചോദ്യംചെയ്തുകൊണ്ട് പായിച്ചിറ നവാസ് എന്നയാൾ പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പായിച്ചിറ നവാസിനെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങളടക്കം പരിശോധിക്കണമെന്ന നിലപാട് ചീഫ് ജസ്റ്റിസ് കൈക്കൊണ്ടിരുന്നു. പിന്നീട് നവാസിനെ ഒഴിവാക്കി അമിക്കസ് ക്യൂറിയെ വെച്ചാണ് കേസിന്റെ തുടര്‍നടപടികള്‍ കോടതി മുന്നോട്ടുകൊണ്ടുപോയത്. ഇത് പിഴ ചുമത്തേണ്ട ഹര്‍ജിയായിരുന്നു എന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
















