മലയാള സിനിമയിൽ ഇപ്പോഴും ജാതീയതയുണ്ടെന്ന് തുറന്ന് പറഞ്ഞ് ഗായകൻ സൂരജ് സന്തോഷ്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കാസ്റ്റിസമാണ്. അതിനെ ശരിയായി മനസിലാക്കാതെ, പരിഹരിക്കാതെ നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നും സൂരജ് പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഗാനലോകത്ത് ജാതീയതയ്ക്ക് എതിരെ ശക്തമായി വാദിക്കുന്നയാളാണ് സൂരജ്. ആലായാൽ തറവേണം എന്ന ഗാനത്തെ മാറ്റിപാടിയതും ഈ ബോധ്യത്തിന്റെ ഭാഗമായാണ്. ജാതി വിവേചനം എന്നത് നമ്മുടെ നാട്ടിലുണ്ടെന്നും ജാതിയെ കുറിച്ച് സംസാരിക്കരുത്, ജാതി ഭീകരവാദം എന്നൊക്കെ പറയുന്നവർ അംബേദ്കറെ വായിക്കണമെന്നേ ഞാൻ പറയൂവെന്നും സൂരജ് കൂട്ടിചേർത്തു.
സൂരജിന്റെ വാക്കുകൾ:
ജാതീയത ഇന്ത്യയിൽ നിലനിൽക്കുന്ന ഒരു റിയാലിറ്റിയാണ്. ജാതി വിവേചനം എന്നത് നമ്മുടെ നാട്ടിലുണ്ട്. സമൂഹത്തിൽ നിലനിൽക്കുന്ന ആ യാഥാർഥ്യം സിനിമയിലും പാട്ടിലും മാധ്യമങ്ങളിലും ഐ.ടി മേഖലയടക്കമുള്ള സമൂഹത്തിന്റെ നാനാഭാഗത്തുണ്ട്.
ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കാസ്റ്റിസമാണ്. അതിനെ ശരിയായി മനസിലാക്കാതെ, പരിഹരിക്കാതെ നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ല. അത് സിനിമയിലും ഉണ്ട്. ജാതീയത എന്നൊന്നും ഇല്ല, അത് മാറി, എന്നൊക്കെ പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. ജാതിയെ കുറിച്ച് സംസാരിക്കരുത്, ജാതി ഭീകരവാദം എന്നൊക്കെ പറയുന്നവർ അംബേദ്കർ വായിക്കാമെന്നേ ഞാൻ പറയൂ.
നിങ്ങളുടെ പ്രിവിലേജ് അനുസരിച്ച് ഇല്ല എന്ന് പറയുന്ന പല കാര്യങ്ങളും ഇവിടെ ഉണ്ട്. ജാതിയുടെ പേരിൽ ഒരുപാട് മനുഷ്യന്മാർ അനുഭവിക്കുന്നുണ്ട്. പ്രിവിലേജ് ആയവർക്ക് ഇതൊന്നും അറിഞ്ഞില്ലെങ്കിലും അവരുടെ ജീവിതം മുന്നോട്ട് പോകും. അങ്ങനെ അല്ലാത്ത കുറെ മനുഷ്യരുണ്ട്. അവരുടെ ജീവിതം നിങ്ങൾ പറയുന്നതുപോലെയൊന്നുമല്ല. അവരോട് ചേർന്ന് നിൽക്കാനും അവർ എന്തിലൂടെയാണ് പോകുന്നതെന്നും മനസിലാക്കാനും ശ്രമിക്കുക. ഈ കാലഘട്ടത്തിലും റിസേർവേഷനെതിരെ സംസാരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.
content highlight: Singer Sooraj Santhosh















