തിരുവനന്തപുരം: കോൺഗ്രസിന്റെ ചരിത്രത്തിലെ ഇത്ര ജീർണമായൊരു അദ്ധ്യായം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കോൺഗ്രസുകാരുൾപ്പെടെ കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ട കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ആര് വിചാരിച്ചാലും രാഹുലിനെ സംരക്ഷിക്കാൻ പറ്റില്ലെന്നും പെരുമഴപോലെ പരാതികൾ വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വേറെ ആരുടേതൊക്കെ വരുമെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.’കോൺഗ്രസ് നേതാക്കന്മാരുൾപ്പെടെ കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ്. സസ്പെൻഷനിലൂടെ പ്രശ്നം അവസാനിപ്പിക്കുമെന്നാണ് പറഞ്ഞുകേട്ടത്. ലോകചരിത്രത്തിൽ തന്നെ ഇതുപോലൊരു സംഭവം അപൂർവമാണ്. ക്രിമിനൽവാസനയോടെ നടത്തിയിട്ടുള്ള ലൈംഗിക പീഡനം. ഇതിനെതിരായി കോൺഗ്രസുൾപ്പെടെയുള്ള ജനം ഒറ്റക്കെട്ടായി പ്രതികരിച്ചു. എന്താണ് കോൺഗ്രസുകാർ എടുക്കുന്ന നിലപാട് എന്നാണ് ജനം ഉറ്റുനോക്കുന്നത്- എം.വി. ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസിന്റെ ചരിത്രത്തിലെ ഇത്ര ജീർണമായൊരു അദ്ധ്യായം ഇതുവരെ ഉണ്ടായിട്ടില്ല. അത്തരം ഒരു കാര്യം മറ്റുള്ള കാര്യങ്ങളുമായി താരതമ്യം ചെയ്യേണ്ടതില്ല. ചില ആളുകളെ സംരക്ഷിക്കാൻ വേണ്ടിയിട്ടാണ് അത്തരത്തിലുള്ള താരതമ്യം ഉണ്ടാകുന്നതെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാലും ഇല്ലെങ്കിലും തങ്ങൾക്ക് ഒരു ഗുണവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
















