തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി മാതൃകാപരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസ് എടുത്തത് ധീരമായ നിലപാടാണെന്നും ഇത്തരം വിഷയത്തിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയും കർശന നടപടി എടുത്തിട്ടില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസെടുത്തിട്ടും പല സിപിഎം നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ അവർ തയ്യാറായോ എന്നും വിഡി സതീശൻ ചോദിച്ചു.’ആരെങ്കിലും പറഞ്ഞിരുന്നോ രാജിവയ്‌ക്കുമെന്ന്. കേരളത്തിലാദ്യമായാണ് ഒരു പാർട്ടി ഇത്രയും കാർക്കശ്യത്തോടെ നടപടിയെടുക്കുന്നത്. ഒരു പരാതിയോ തെളിവുകളോ ലഭിച്ചിട്ടില്ല. എന്നിട്ടുപോലും 24 മണിക്കൂറിനുള്ളിൽ ഞങ്ങൾ നടപടിയെടുത്തു. പാർട്ടിയിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്‌ത് മാറ്റിനിർത്തി.
വിഷയത്തിൽ എംബി രാജേഷിന്റെ പ്രതികരണം ഞാൻ കണ്ടിരുന്നു. ഒരു റേപ്പ് കേസിലെ പ്രതി സിപിഎമ്മിന്റെ എംഎൽഎയായിട്ട് അവിടെ ഇരിപ്പുണ്ട്. സ്വയം ഒരു ഉളുപ്പ് വേണ്ടെ. ബിജെപിയിലെ ഹൈക്കമ്മിറ്റിയിലും ഒരു പോക്‌സോ കേസ് പ്രതിയുണ്ട്. അതൊക്കെ ഞങ്ങൾക്ക് ചൂണ്ടിക്കാണിക്കാം. അവരാരും നടപടി എടുത്തിട്ടില്ല. എന്നിട്ടും ഞങ്ങളൊന്നും പറയുന്നില്ലല്ലോ. എന്നോട് ചോദിക്കുന്ന അതേ ചോദ്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനോടും നിങ്ങൾ ചോദിക്കണം. അവരല്ലേ കേസുണ്ടായിട്ട് പോലും നടപടിയെടുക്കാത്തത്. സ്‌ത്രീകളോടുള്ള ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ ബഹുമാനം കാരണമാണ് ഇത്ര വേഗം നടപടിയെടുത്തത്. ഏറ്റവും പ്രധാനപ്പെട്ട, പാർട്ടിയുടെ മുൻനിരയിലുള്ള ഒരാൾക്കെതിരെയാണ് ഞങ്ങൾ നടപടിയെടുത്തത്. കേരളത്തിൽ ഒരു രാഷ്‌ട്രീയ പാർട്ടിക്കും എടുക്കാൻ കഴിയാത്ത തീരുമാനമാണ് ഞങ്ങൾ ധീരതയോടെ എടുത്തത് ‘ – വിഡി സതീശൻ പറഞ്ഞു.
















