പാലക്കാട്: സ്കൂൾ ശാസ്ത്രോത്സവം പാലക്കാട് നടത്താൻ തീരുമാനം ആയി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 7 മുതൽ 10 വരെയാണ് കേരള സ്കൂൾ ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്. നേരത്തെ വേദി ഷൊര്‍ണൂരിലേക്ക് മാറ്റുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് മന്ത്രിമാരായ എം.ബി.രാജേഷും കെ.കൃഷ്ണൻകുട്ടിയും പാലക്കാട് ജില്ലയിലെ എംഎൽഎമാരുമായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായും ജില്ലാ കലക്ടറുമായുമുള്ള ചർച്ചയ്ക്കുശേഷം കൂടുതൽ സൗകര്യം മുൻനിർത്തി പാലക്കാട് ടൗണിൽ തന്നെ ശാസ്ത്രോത്സവം നടത്താൻ തീരുമാനിച്ചത്.
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നേരിടുന്ന പാലക്കാട് എംഎൽഎയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാനായിരുന്നു സംസ്ഥാന സ്കൂൾ ശാസ്ത്രമേള ഷൊര്‍ണൂരിലേക്ക് മാറ്റുമെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത്. പാലക്കാട് വച്ച് ശാസ്ത്രമേള നടത്തുമ്പോള്‍ അതിന്റെ സംഘാടകസമിതി കണ്‍വീനര്‍ ആയി സ്ഥലം എംഎല്‍എ എന്ന നിലയ്ക്ക് രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമിക്കേണ്ടിവരും. തിങ്കളാഴ്ച ആണ് ശാസ്ത്രമേളയുടെ സംഘാടകസമിതി യോഗം ചേരുന്നത്. അടൂരിലെ വീട്ടില്‍ തുടരുന്ന രാഹുലിനെ സംഘാടകസമിതി യോഗത്തിൽ പങ്കെടുപ്പിച്ചേക്കില്ല.
















