കാസർകോട്: പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ കോടതി വിധിച്ചു. കുടക് നപ്പോക്ക് സ്വദേശി പി.എ.സലിം (40) നെയാണു കോടതി മരണം വരെ തടവിന് ശിക്ഷിച്ചത്. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പ്രതി വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
2024 മേയിൽ ആയിരുന്നു സംഭവം. പുലർച്ചെ മൂന്നിന് കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് കുട്ടിയെ പ്രതി അരക്കിലോമീറ്റർ അകലെയുള്ള വയലിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. ഇതിനുശേഷം സ്വർണക്കമ്മൽ ഊരിയെടുത്ത് കുട്ടിയെ പറഞ്ഞുവിട്ടു. പേടിച്ച കുട്ടി ഇരുട്ടിൽ തപ്പിത്തടഞ്ഞ് തൊട്ടടുത്ത വീട്ടിലെത്തി വിവരം പറഞ്ഞു. സംഭവത്തിനുശേഷം സലീമിനെ സൈക്കിളിൽ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുവിട്ട ആളും സലീം നടന്നുവരുന്നത് കണ്ട രണ്ടു പേരും അന്വേഷണഘട്ടത്തിൽ തന്നെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.
സംഭവശേഷം സലീം തലശ്ശേരിയിലെത്തുകയും അവിടെനിന്നു ചെറുവണ്ണൂരിലെത്തി സഹോദരിയെയും കൂട്ടി കൂത്തുപറമ്പിൽ സ്വർണം പണയപ്പെടുത്തി. സഹോദരിയെ പറഞ്ഞുവിട്ട് സലീം വിരാജ്പേട്ടയിലേക്ക് ബസ് കയറി. ഇവിടെനിന്നു മൈസൂരുവിലേക്കും പിന്നീട് ബെംഗളൂരുവിലേക്കും അവിടെ നിന്നു മുംബൈയിലേക്കും പോയി. മുംബൈയിൽ ജോലി ലഭിക്കാതെ വന്നതോടെ കൂട്ടുകാരിയുടെ സഹായത്തോടെ റായ്ച്ചൂരിലെ തോട്ടത്തിൽ ജോലി കിട്ടുമോയെന്ന് അന്വേഷിച്ചു. ഇതിനുവേണ്ടി ബെംഗളൂരുവിലേക്ക് വരാൻ നിൽക്കുമ്പോഴാണ് പൊലീസ് വലയിലായത്.
2 മോഷണ കേസിലും സലീമിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.കേസിൽ പി.എ.സലീമിന്റെ സഹോദരിയായ കൂത്തുപറമ്പിൽ താമസിക്കുന്ന കുടക് സ്വദേശിനി സുഹൈബയെയും (21) കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കവർച്ച മുതൽ വിൽക്കാൻ കൂട്ടുനിന്നുവെന്ന കുറ്റത്തിനാണ് ഇവരെ പ്രതിയാക്കിയത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്സോ നിയമപ്രകാരവുമുള്ള വകുപ്പുകളാണ് ചുമത്തിയത്. 449 (ഭവനഭേദനം), 366, 363 (തട്ടിക്കൊണ്ടു പോകൽ), 370–4 (മൈനർ തട്ടിക്കൊണ്ടു പോകൽ), 506 (ഭീഷണിപ്പെടുത്തൽ), 342 (തടഞ്ഞു വയ്ക്കൽ), 376 (ബലാസത്സംഗം), 393 (കവർച്ച), 414 എന്നീ വകുപ്പുകളും പോക്സോ നിയമത്തിലെ 6(1) 5എം വകുപ്പുമാണ് പ്രതിക്കെതിരെ ചുമത്തിയത്. ഇന്ത്യൻ ശിക്ഷാനിയമം 414 പ്രകാരമാണ് സുഹൈബയ്ക്കെതിരെ കേസെടുത്തത്.
















