ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. 1978ലെ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ പുറത്ത് വിടേണ്ടതില്ല എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കമ്മീഷൻ ഉത്തരവിനെതിരെ ഡൽഹി സർവകലാശാല നൽകിയ ഹരജിയിലാണ് നടപടി. 2016 ഡിസംബർ 21നായിരുന്നു മോദിയുടേത് ഉൾപ്പടെയുള്ളവരുടെ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിടണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിർണായക ഉത്തരവുണ്ടായിരുന്നത്.
ഈ ഉത്തരവിനെതിരെയാണ് ഡൽഹി സർവകലാശാല ഹൈക്കോടതിയെ സമീപിച്ചത്. കോടതിയെ വിവരങ്ങൾ കാണിക്കാമെന്നും എന്നാൽ വിവരാവകാശ പ്രകാരം വ്യക്തികളുടെ വ്യക്തിഗതവിവരങ്ങളടങ്ങുന്ന ഡിഗ്രി സർട്ടിഫിക്കറ്റുകൾ പുറത്ത് വിടാൻ സാധിക്കില്ല എന്നായിരുന്നു സർവകലാശാലയുടെ വാദം. ഇത് കോടതി ശരിവെക്കുകയായിരുന്നു.
















