അമൃത കോളേജ് ഓഫ് നഴ്‌സിംഗ് കൊച്ചി ക്യാംപസിൽ നോർക്ക റൂട്ട്സ് സാറ്റലൈറ്റ് സെന്റർ പ്രവർത്തനമാരംഭിച്ചു. വിദേശത്ത് തൊഴിൽ തേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് നഴ്‌സിംഗ് പഠനത്തിനൊപ്പം ജർമൻ ഭാഷാ പഠനവും സാധ്യമാക്കുന്നതാണ് പദ്ധതി. ജർമ്മൻ ഭാഷ സർക്കാർ സംവിധാനമായ നോർക്കയുടെ കീഴിൽ പഠിക്കാൻ സാധിക്കുന്നതോടെ ഈ മേഖലയിൽ വിദ്യാർത്ഥികൾ നേരിടുന്ന ചൂഷണത്തിനും പരിഹാരമാകും.

കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് സാറ്റലൈറ്റ് സെന്റർ ഉദ്ഘാടനം കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽ കുമാർ നിർവഹിച്ചു.അമൃത നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ടി. മോളി അധ്യക്ഷയായ ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഷീല പവിത്രൻ സ്വാഗതം ആശംസിച്ചു. നോർക്ക റൂട്ട്സ് ജനറൽ മാനേജർ രശ്മി ടി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

അമൃത കോളേജ് ഓഫ് നഴ്സിംഗും നോർക്ക റൂട്സും തമ്മിലുള്ള ധാരണാപത്രം നോർക്ക റൂട്ട്സ് ജനറൽ മാനേജർ രശ്മി ടി അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർക്ക് കൈമാറി. അമൃത ആശുപത്രി കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. അശ്വതി എസ് ചടങ്ങിന് ആശംസ അറിയിച്ചു. അമൃത കോളേജ് ഓഫ് നഴ്‌സിംഗ് പ്രൊഫസർ ഡോ. അനില കെ.പി. ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.
STORY HIGHLIGHT: Amrita College of Nursing
















