തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കന്മാര്‍ ആണ് രാഹുലിന് സുരക്ഷിതമായ സംരക്ഷണം ഒരുക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എ സ്ഥാനം രാജിവെക്കും വരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി ബിജെപി തെരുവില്‍ തുടരും എന്നും അദ്ദേഹം പറഞ്ഞു.
ഗുരുതര ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവെക്കാതെ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ച് നിര്‍ത്തുന്നത് കോണ്‍ഗ്രസിന്റെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയ സംസ്‌കാരമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിന് പോലും യോഗ്യതയില്ലാത്തയാളെ പാലക്കാട് ജനത സഹിക്കണം എന്നാണോ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നതെന്നും ബിജെപി അധ്യക്ഷന്‍ ചോദിച്ചു.
‘രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതിലൂടെ ഉയര്‍ന്നുവന്ന ആരോപണങ്ങളും പരാതികളും ശരിയാണ് എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ സമ്മതിച്ചിരിക്കുകയാണ്. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുംവരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി ബിജെപി തെരുവില്‍ തുടരും.’ രാജീവ് പറഞ്ഞു.
‘പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിന് പോലും യോഗ്യനല്ലാത്ത ഒരാളെ പാലക്കാട് ജനത എംഎല്‍എയായി അംഗീകരിക്കണം എന്ന കോണ്‍ഗ്രസ് നിലപാട് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കന്മാര്‍ക്ക് രാഹുലിന്റെ ലീലാവിലാസങ്ങളെല്ലാം മുന്‍കൂട്ടി അറിയാമായിരുന്നു. ഇപ്പോഴും രാഹുലിന് സുരക്ഷിതമായ സംരക്ഷണം ഒരുക്കുന്നതും അതേ നേതാക്കന്മാര്‍ തന്നെയാണ്.’ ബിജെപി അധ്യക്ഷന്‍ ആരോപിച്ചു.’ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയ പെണ്‍കുട്ടികള്‍, ഒന്നര വര്‍ഷം മുമ്പ് വി.ഡി. സതീശനോട് രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്വഭാവവൈകൃതത്തെ പറ്റി പരാതി പറഞ്ഞിരുന്നു. അതെല്ലാം മറച്ചുവെച്ച് അയാളെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആക്കിയതും പാലക്കാട് എംഎല്‍എ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചതും വി.ഡി. സതീശന്‍ അടങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വമാണ്.’ രാജീവ് പറഞ്ഞു.
‘ഇത് കോണ്‍ഗ്രസ്സിന്റെ ജനിതകപരമായ പ്രത്യേകതയാണ്. അഴിമതിക്കാരെയും സ്ത്രീ പീഡകരെയും എല്ലാം എപ്പോഴും സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതും പാര്‍ട്ടി ഭാരവാഹിത്വം ഒഴിവാക്കുന്നതും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം. അത് പൊതുജനങ്ങളെ ബാധിക്കുന്നതല്ല, മറിച്ച് പാലക്കാട് എംഎല്‍എയായി രാഹുല്‍ തുടരുന്നതാണ് പൊതുജനത്തിന് അംഗീകരിക്കാന്‍ കഴിയാത്തത്.’ അദ്ദേഹം അഭിപ്രായപ്പെട്ടു.’കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഭാര്യമാരും വനിത നേതാക്കളും രാഹുലിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടും എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ല എന്ന തീരുമാനത്തിന് പിന്നില്‍ രാഹുലിനെ സംരക്ഷിക്കുന്ന കോണ്‍ഗ്രസിലെ ഒരുപറ്റം നേതാക്കന്മാരുടെ പിന്തുണയാണ്. രാഹുല്‍ കുഴപ്പക്കാരനാണെന്ന് അറിഞ്ഞിട്ടും അയാളെ വളര്‍ത്തിക്കൊണ്ടുവരികയും എംഎല്‍എ ആക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ പൊതുജനങ്ങളോട് മാപ്പ് പറയണം.’ രാജീവ് ആവശ്യപ്പെട്ടു.
‘ആത്മാഭിമാനമുള്ള ആര്‍ക്കും തുടരാന്‍ കഴിയാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് അധഃപതിച്ചു കഴിഞ്ഞു. അഴിമതിക്കാര്‍ക്കും സ്ത്രീചൂഷകര്‍ക്കും മാത്രം സ്ഥാനമുള്ള പാര്‍ട്ടിയില്‍ അപമാന ഭാരം പേറി തുടരാതെ കോണ്‍ഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച് ബിജെപിയുടെ വികസന രാഷ്ട്രീയത്തിലേക്ക് വരാന്‍ അഭിമാനമുള്ള എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു.’ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
















