ട്രാഫിക് പിഴയുടെ പേരിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അബൂദബി പോലീസ്. ഗതാഗത നിയമം ലംഘിച്ചുവെന്നും കൂടുതൽ വിവരങ്ങൾ അറിയാൻ ലിങ്ക് ക്ലിക് ചെയ്യണമെന്നുമാണ് സന്ദേശത്തിലൂടെ തട്ടിപ്പുകാർ ആദ്യം ആവശ്യപ്പെടുക. പൊലീസിന്‍റെ ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്താണ് പ്രതികൾ തട്ടിപ്പ് നടത്തുന്നത്.
ഇതിലൂടെ സ്വകാര്യ വ്യക്തി വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, പാസ്വേഡുകൾ എന്നിവ കൈക്കലാക്കി ബാങ്ക് എകൗണ്ടിലെ പണം തട്ടുകയാണ് ഇവരുടെ ലക്ഷ്യം. വാട്‌സ്ആപ്, ഇ-മെയില്‍, ടിക് ടോക്ക്, ഫേസ്ബുക്ക്, എക്‌സ് എന്നീ സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമുകളിലൂടെയാണ് വ്യാജ ലിങ്കുകൾ വ്യാപകമായി പ്രചരിക്കുന്നത്. തട്ടിപ്പുകള്‍ക്ക് ഇരയാവാതിരിക്കാന്‍ പാലിക്കേണ്ട മുൻകരുതലുകളും പോലീസ് പങ്കുവെക്കുന്നുണ്ട്.
ഒരിക്കലും വിശ്വസനീയമല്ലാത്ത ഉറവിടങ്ങളുമായി ബാങ്ക് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ കൈമാറരുത്. ഇതിനായി ഔദ്യോഗിക ആപ്പുകളെ മാത്രം ആശ്രയിക്കുക. അഥവാ ഇരയായാല്‍ ഉടന്‍ 8002626 നമ്പരില്‍ വിളിക്കുകയോ 2828 നമ്പരില്‍ എസ്.എം.എസ് അയക്കുകയോ ചെയ്യാം.
STORY HIGHLIGHT: abu dhabi police advises against clicking on suspicious link
















