ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ബോളിവുഡ് താരമാണ് കരീന കപൂർ. നേരത്തെ ഭക്ഷണം കഴിക്കുന്നതും വർക്ക്ഔട്ട് മുടക്കാത്തതും കരീനയുടെ ദിനചര്യകളിൽ ഉൾപ്പെടുന്നു. അടുത്തിടെ കരീനയുടെ ദീർഘകാല ഡയറ്റീഷ്യനായ റുജുത ദിവേക്കർ നടിയുടെ ഭക്ഷണക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ 18 വർഷമായി ഏതാണ്ട് ഒരേ ഭക്ഷണക്രമം പിന്തുടരുന്ന നടിയാണ് കരീനയെന്നാണ് റുജുത വെളിപ്പെടുത്തിയത്. 2007 മുതലാണ് കരീന ഒരേ ഡയറ്റ് പിന്തുടർന്നു തുടങ്ങിയത്. രാവിലെ ഉണർന്നയുടൻ കുറച്ച് ബദാമും ഉണക്കമുന്തിരിയും അത്തിപ്പഴവുമൊക്കെ ചേർന്ന കുറച്ച് ഡ്രൈഫ്രൂട്സ് കഴിക്കും. ഒരു പ്ലേറ്റ് പറാത്തയോ പോഹയോ ആണ് പ്രഭാത ഭക്ഷണം. ഷൂട്ടിങ്ങിലാണെങ്കിൽ പരിപ്പും ചോറുമാണ് ഉച്ചഭക്ഷണം. വീട്ടിലാണെങ്കിൽ ചപ്പാത്തിയും സബ്ജിയും കഴിക്കും.
വൈകുന്നേരം ലഘുഭക്ഷണമായി സീസണിൽ ലഭ്യമായ പഴവർഗങ്ങളാണ് കഴിക്കുക. അതിനൊപ്പം ചീസ് ടോസ്റ്റ് കഴിക്കും. ഒരു സ്പൂൺ നെയ് ചേർത്ത കിച്ച്ഡിയോ വല്ലപ്പോഴും പുലാവോ ആണ് അത്താഴം. നേരത്തേ ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നതാണ് കരീനയുടെ ശീലം. പതിവ് വ്യായാമം കരീനയ്ക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ്. ലോകം എഴുന്നേൽക്കുന്നതിന് മുമ്പേ വർക്കൗട്ട് ആരംഭിക്കും.
വൈകുന്നേരം ആറരയോടെ അത്താഴം, രാത്രി ഒൻപതരയോടെ ഉറക്കം. രാവിലെ എഴുന്നേറ്റ് വ്യായാമം ഇതാണ് കരീനയുടെ ദൈനംദിനചര്യ. അതിനാൽതന്നെ രാത്രി വൈകിയുള്ള പാർട്ടികളിൽ കരീന പ്രതീക്ഷിക്കേണ്ടതില്ലെന്ന് സുഹൃത്തുക്കൾക്ക് അറിയാം. 2021-ൽ രണ്ടാമത്തെ മകന് ജന്മം നൽകിയശേഷം 25 കിലോ ഭാരം വർധിച്ചിരുന്നുവെന്നും കൃത്യമായ ഡയറ്റിലൂടെയാണ് ശരീരഭാരം കുറച്ചതെന്നും കരീന മുൻപ് പറഞ്ഞിരുന്നു.
















