മഹീന്ദ്ര BE 6 ബാറ്റ്മാൻ എഡിഷന്‍റെ 999 യൂണിറ്റുകൾക്കും 135 സെക്കൻഡിനുള്ളിൽ ബുക്കിങ് ലഭിച്ചതായി മഹീന്ദ്ര ഓട്ടോമോട്ടീവ്. ഓഗസ്റ്റ് 23 രാവിലെ 11 മണിക്കാണ് ബുക്കിങ് ആരംഭിച്ചത്. ലിമിറ്റഡ് എഡിഷൻ ഇ-എസ്‌യുവിയുടെ മുഴുവൻ യൂണിറ്റുകളും വെറും 135 സെക്കൻഡിനുള്ളിലാണ് ബുക്ക് ചെയ്‌തത്.
മഹീന്ദ്ര BE 6 ബാറ്റ്മാൻ എഡിഷന് വിപണിയിൽ വലിയ ഡിമാൻഡുള്ളതായാണ് ഇത് സൂചിപ്പിക്കുന്നത്. 2025 ഓഗസ്റ്റ് 14നാണ് സ്‌പെഷ്യൽ എഡിഷൻ പുറത്തിറക്കിയത്. ബാറ്റ്മാൻ എഡിഷന്‍റെ 300 യൂണിറ്റുകൾ മാത്രമേ നിർമ്മിക്കൂ എന്നാണ് കമ്പനി ലോഞ്ച് സമയത്ത് പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് 999 യൂണിറ്റുകളായി ഉയർത്തുകയായിരുന്നു. വൻ ഡിമാൻഡ് തന്നെയാണ് ഇതിന് കാരണം.
അടുത്ത വർഷം കൂടുതൽ ലിമിറ്റഡ് എഡിഷൻ മോഡലുകൾ അവതരിപ്പിക്കാമെന്നും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. 2025 സെപ്‌റ്റംബർ 20ന് മഹീന്ദ്ര BE 6 ബാറ്റ്മാൻ എഡിഷന്‍റെ ഡെലിവറി ആരംഭിക്കും. ഓഗസ്റ്റ് 21ന് പ്രീ-ബുക്കിങ് ആരംഭിച്ചിരുന്നു.
വൻ ഡിമാൻഡ് കാരണം അന്ന് തന്നെയാണ് ആദ്യ 300 യൂണിറ്റുകൾ കൂടാതെ വിഹിതം 699 യൂണിറ്റായി വർധിപ്പിച്ചത്. പിന്നീട് ഓഗസ്റ്റ് 23ന് രാവിലെ 11 മണി മുതൽ 21,000 രൂപ മുൻകൂർ തുക നൽകി ബുക്കിങ് രജിസ്‌ട്രർ ചെയ്യാൻ അവസരം നൽകുകയായിരുന്നു.
ഇഷ്‌ട്ടമുള്ള ബാഡ്‌ജ് നമ്പർ തെരഞ്ഞെടുക്കാം: സ്പെഷ്യൽ എഡിഷൻ മോഡലിൽ 001 മുതൽ 999 വരെയുള്ള ബാഡ്‌ജ് നമ്പറിൽ ഇഷ്‌ട്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള അവസരം കമ്പനി ഓരോ ഉപഭോക്താവിനും നൽകിയിട്ടുണ്ട്. ബാഡ്‌ജിലെ നമ്പർ മഹീന്ദ്ര നോൺ-എക്സ്ക്ലൂസീവ് ആക്കിയിട്ടുണ്ട്. അതായത് ഒരേ ബാഡ്‌ജ് നമ്പറുള്ള ഒന്നിലധികം BE 6 ബാറ്റ്മാൻ എഡിഷൻ എസ്‌യുവികൾ ഉണ്ടാകാം. എല്ലാവർക്കും ഇഷ്‌ട്ടത്തിനനുസരിച്ചുള്ള നമ്പർ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണിത്.
27.79 ലക്ഷം രൂപയാണ് മഹീന്ദ്ര BE 6 ബാറ്റ്മാൻ എഡിഷന്‍റെ വില. ഇത് ടോപ്പ്-സ്പെക്ക് പാക്ക് ത്രീ വേരിയന്‍റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ക്യാബിന്‍റെ അകത്തും പുറത്തും ബാറ്റ്മാൻ-പ്രചോദിത ഡിസൈനുകൾ ഇതിൽ നൽകിയിട്ടുണ്ട്. പാക്ക് ത്രീയെക്കാൾ 89,000 രൂപ വില കൂടുതലാണ് സ്‌പെഷ്യൽ എഡിഷന്.
















