തൃപ്പൂണിത്തുറ: ഇന്ന് ചിങ്ങമാസത്തിലെ അത്തം നാൾ. പൊന്നോണത്തിന്‍റെ വരവറിയിച്ച് അടുത്ത പത്ത് ദിവസം വീട്ടു മുറ്റങ്ങളില്‍ പൂക്കളമുയരും. പത്താം നാൾ തിരുവോണം. ഇന്നാണ് പ്രശസ്തമായ തൃപ്പൂണിത്തുറ അത്തച്ചമയഘോഷയാത്ര. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിൽ നിന്ന് തുടങ്ങുന്ന യാത്ര നഗരം ചുറ്റി തിരികെ സ്കൂൾ ഗ്രൌണ്ടിലെത്തുമ്പോൾ ഘോഷയാത്ര അവസാനിക്കും. രാവിലെ ഒമ്പതിന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പി രാജീവ് അത്തപ്പതാക ഉയർത്തും. അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് ഇന്ന് രാവിലെ എട്ട് മണിമുതൽ വൈകിട്ട് മൂന്ന് മണിവരെ തൃപ്പൂണിത്തുറ നഗരഭാഗത്ത് ഗതാഗത ക്രമീകരണങ്ങൾ ഉണ്ടാകും.
സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ഇന്ന് മുതൽ വിതരണംചെയ്യും. സംസ്ഥാനതല വിതരണോദ്‌ഘാടനം രാവിലെ 9.30ന് ജില്ലാപഞ്ചായത്ത് ഹാളിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും. 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റാണ് നൽകുക. 5,92,657 മഞ്ഞക്കാർഡുകാർക്ക് കിറ്റ് വിതരണം റേഷൻകട വഴിയാകും. സെപ്‌തംബർ നാലുവരെ കിറ്റ് വാങ്ങാം. പഞ്ചസാര, വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയർ പരിപ്പ്, വൻ പയർ, കശുവണ്ടി, മിൽമ നെയ്യ്, ഗോൾഡ് ടീ, പായസം മിക്‌സ്, സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഉപ്പ് തുടങ്ങിയ 14 ഇനം അവശ്യ വസ്തുക്കൾ അടങ്ങിയ ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്. ഓണത്തിനു മുമ്പ് മുഴുവൻ എഎവൈ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും കിറ്റ് ലഭ്യമാക്കുമെന്നാണ് അറിയിപ്പ്.
















