തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്‌തോടെ വിവാദം അവസാനിക്കുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. വിഷയം ഇനി കൂടുതല്‍ ചർച്ചക്കെടുക്കേണ്ടതില്ലെന്നാണ് തീരുമാനം. പരാതികൾ വരുന്നുവെങ്കിൽ മാത്രം രാഷ്ട്രീയമായി നേരിടണമെന്നും നേതൃതലത്തിൽ ധാരണയായി. രാജിയ്ക്കായി സമരം തുടരുമെങ്കിലും സിപിഐഎമ്മും സമ്മർദ്ദം ശക്തമാക്കില്ല. പാര്‍ട്ടി നടപടികള്‍ക്ക് ശേഷം രാഹുല്‍ മാങ്കൂട്ടവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
എംഎല്‍എ സ്ഥാനത്തുനിന്ന് രാജിയില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി കഴിഞ്ഞു. സസ്‌പെന്‍ഷന് പുറമേ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശവും രാഹുലിന് കോണ്‍ഗ്രസ് നല്‍കും. സി.പി.ഐ എമ്മിന്റെയും ബി.ജെ.പിയുടെയും സമരങ്ങളും കൂടുതൽ ദിവസം തുടരില്ല എന്ന് നേതൃത്വം കരുതുന്നു. അതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിലും മിതത്വം പാലിക്കാനാണ് നീക്കം. കൂടുതൽ പരാതികൾ വരുന്നെങ്കിൽ നേതൃത്വം പരിശോധിക്കും.
കൂടുതല്‍ പരാതി വന്നാല്‍ മാത്രം പാര്‍ട്ടി തലത്തില്‍ ഇനി ചര്‍ച്ച മതിയെന്നാണ് നേതാക്കള്‍ക്കിടയിലെ ധാരണ. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സംസ്ഥാന സര്‍ക്കാരിനെതിരായ സമരപരിപാടികളുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകും. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടര്‍ പട്ടിക വിവാദത്തിലും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. തൃശൂരിലേക്ക് യൂത്ത് കോണ്‍ഗ്രസ് നിശ്ചയിച്ചിരുന്ന ലോങ്ങ് മാര്‍ച്ച് അടക്കമുള്ള പരിപാടികള്‍ വേഗത്തില്‍ സംഘടിപ്പിക്കും.
















