കോഴിക്കോട്: കോഴിക്കോട് ലഹരി ഉപയോഗതിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ട കേസിൽ പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ പ്രതികളുടെ കൂടുതൽ മൊഴി പുറത്ത്. വെസ്റ്റ് ഹിൽ ചുങ്കം സ്വദേശിയായ വിജിലിൻ്റെ മരണത്തിൽ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് എലത്തൂർ പൊലിസിൻ്റെ പിടിയിലായത്. 2019ൽ ആണ് കേസിനാസ്പദമായ സംഭവം.
വിജിലിന്റെ മൃതദേഹം ചതുപ്പിൽ താഴ്ത്തി എട്ടു മാസത്തിനുശേഷം ഒരു അസ്ഥി കടലിൽ ഒഴുക്കിയതായി പ്രതികൾ മൊഴി നൽകി. വിജിലിന്റെ ബൈക്ക് കല്ലായി റെയിൽവേ സ്റ്റേഷൻ സമീപം ഉപേക്ഷിച്ചതായും അന്വേഷണ സംഘത്തിന് മനസ്സിലായി. ഇത് കണ്ടെത്താനുള്ള ശ്രമം ഇന്ന് നടത്തും. സുഹൃത്തുക്കളായ നാല് പേർ ചേർന്ന് ലഹരി ഉപയോഗിക്കുന്നതിനിടെ അമിത അളവിലുള്ള ലഹരി ഉപയോഗത്തെ തുടർന്ന് വിജിൽ മരിക്കുകയായിരുന്നു. തുടർന്ന് മറ്റ് മൂന്നു പേർ ചേർന്ന് മൃഹദേഹം കുഴിച്ചിട്ടു. കേസിൽ പൂവാട്ട്പറമ്പ സ്വദേശി രഞ്ജിത്തിനെയാണ് ഇനി പിടികൂടാനുള്ളത്.
അതേസമയം, റിമാൻഡിൽ ഉള്ള ഒന്നും മൂന്നും പ്രതികളായ നിഖിലിനെയും ദീപേഷിനെയും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം ഇന്ന് അപേക്ഷ നൽകും. കൊയിലാണ്ടി കോടതിയിലാണ് അപേക്ഷ നൽകുക. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാലുടൻ മൃതദേഹം കണ്ടെടുക്കാനടക്കം നടപടികൾ തുടങ്ങുമെന്ന് പൊലീസ് അറിയിച്ചു.
















