ബഹ്‌റൈനിൽ പുതിയ അധ്യയന വർഷത്തിൽ സർക്കാർ സ്‌കൂളുകൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്ക് പോഷകാഹാരം നൽകാൻ പദ്ധതിയുമായി സർക്കാർ.
രാജ്യത്ത് എല്ലാ സർക്കാർ സ്‌കൂളുകളിലും വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷ്യവിഭവങ്ങൾ ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കും.
പുതിയ അധ്യയന വർഷം ബഹ്‌റൈനിലെ സർക്കാർ സ്‌കൂളുകളിലേക്ക് എത്തുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് പോഷകാഹാരങ്ങളാൽ സമ്പന്നമായ ഭക്ഷണ പദ്ധതിയാണ്.
ഈ വർഷം മുതൽ രാജ്യത്തെ എല്ലാ സർക്കാർ സ്‌കൂളുകളിലേയും വിദ്യാർത്ഥികൾക്കായി ചെറിയ നിരക്കിൽ ആരോഗ്യകരമായ ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയം. 200 ഫിൽസ് മുതൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം ലഭ്യമാകും. 800 ഫിൽസ് വരെയാണ് പരമാവധി വില.
പോഷക സമൃദ്ധമായ ഭക്ഷണം സ്വകാര്യ കാറ്ററിങ് കമ്പനികൾ വഴിയാണ് ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നത്. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ വളർച്ചക്ക് സഹായിക്കുന്ന തരത്തിൽ അവശ്യ പോഷകങ്ങളും മറ്റ് ഘടകങ്ങളും ഉൾക്കൊള്ളുന്ന മെനുവായിരിക്കും തയ്യാറാക്കുക.
















