അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനാധികാരികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന് “ജലമാണ് ജീവൻ’ ക്യാമ്പയിന് രൂപം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകൾ ഉൾപ്പെടുന്നതാണ് ഈ പരിപാടി
ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് “ജലമാണ് ജീവൻ” ക്യാമ്പയിന് തുടക്കം കുറിച്ചത്. ഇതിനോടനുബന്ധിച്ച് ഈ മാസം 30, 31 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും വീടുകളിലേയും സ്ഥാപനങ്ങളിലേയും വാട്ടർടാങ്കുകൾ വൃത്തിയാക്കാനുമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. ഇതുവഴി അമീബിക് മസ്തിഷ്കജ്വരം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മുഴുവൻ വാട്ടർ ടാങ്കുകളും വൃത്തിയാക്കപ്പെട്ടിട്ടുണ്ടെന്നും ഉറപ്പുവരുത്തണം. ഇതോടൊപ്പം സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങളും, പ്രദേശത്തെ ജലസ്രോതസ്സ് വൃത്തിയാക്കലും ഉൾപ്പെടെയുള്ള തുടർപ്രവർത്തനങ്ങളും ഏറ്റെടുക്കണം.
ക്യാമ്പയിൻ പ്രവർത്തനങ്ങൾ കൃത്യതയോടെ ആസൂത്രണം ചെയ്ത്, സമയബന്ധിതമായും ജനകീയമായും നടപ്പാക്കുന്നതിന് ഭരണസമിതിയുടെ സജീവ നേതൃത്വം ഉണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് എട്ടു പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത്.
















