ഇന്നൊരു കഞ്ഞി ഉണ്ടാക്കിയാലോ? അതും വെറും കഞ്ഞിയല്ല, നല്ല പോഷക ഗുണങ്ങൾ ഉള്ള ചെറുപയർ കഞ്ഞി ഉണ്ടാക്കാം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- അരി -ഒരു കപ്പ്
- ചെറുപയർ -അര കപ്പ്
- ചിരകിയ തേങ്ങാ -ഒരു കപ്പ്
- വെളുത്തുള്ളി- ആറ് അല്ലി
- ഇഞ്ചി ചെറിയ കഷ്ണം
- ഉലുവ – ഒരു സ്പൂൺ
- കറി വേപ്പില
- കടുക് – രണ്ട് സ്പൂൺ
- ചെറിയ ജീരകം- ഒരു സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ചെറുപയർ വെള്ളത്തിൽ കുതിർത്തു വെക്കുക. കഞ്ഞിക്കായി അരി നന്നായി കഴുകി വേവിക്കാൻ വയ്ക്കുക. ഇതിൽ ഉലുവ ജീരകം എന്നിവയും ചേർക്കുക. കുതിർത്തു വെച്ച ചെറുപയർ ഒരു കുക്കറിൽ ഇട്ട് മൂന്ന് വിസിലിൽ വേവിക്കണം. ശേഷം തേങ്ങ, ഇഞ്ചി, വെളുത്തുള്ളി എന്നിവ മിക്സിയിൽ അരച്ചെടുക്കുക. പകുതി വെന്ത അരിയിലേക്ക് ചെറുപയറും അരവും ചേർത്തു നന്നായി വേവിച്ചു എടുക്കുക. അതിൽ ആവശ്യമായ ഉപ്പ് ചേർക്കുക.
കഞ്ഞി നന്നായി വേവിക്കുക. അതിന് ശേഷം ഒരു പാൻ അടുപ്പത്ത് വെച്ചു രണ്ട് സ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക. അതിൽ കടുക് പൊട്ടിച്ച്, കറി വേപ്പില കൂടി ചേർത്ത് കഞ്ഞിയിൽ ചേർക്കുക. ഒരു നുള്ളു മഞ്ഞപൊടി കൂടി ചേർത്താൽ രുചികരമായ കഞ്ഞി റെഡി.
















