തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ എം.ആർ.അജിത് കുമാറിനെതിരെ കടുത്ത നടപടിയില്ല. അജിത്തിനെ പൊലീസിൽ നിന്ന് മാറ്റിയതിനാൽ കടുത്ത നടപടി വേണ്ട. സസ്പെൻഷൻ പോലുള്ള നടപടി ആവശ്യമില്ലെന്ന പുതിയ ശുപാർശയാണ് മുൻ ഡിജിപിയുടെ റിപ്പോർട്ടിൽ എഴുതി ചേർത്തത്.
സർക്കാർ ആവശ്യപ്രകാരമാണ് മുൻ ഡിജിപിയുടെ റിപ്പോർട്ട് പുനഃപരിശോധിച്ചത്. പുതിയ ശുപാർശ സർക്കാരിന് കൈമാറിയിട്ടുണ്ട്. പുതിയ റിപ്പോർട്ട് അനുസരിച്ച് എം.ആർ.അജിത് കുമാറിന് താക്കീത് നൽകി അന്വേഷണം അവസാനിപ്പിച്ചേക്കും.
അതിനിടെ, അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിജിലൻസ് കോടതി ഉത്തരവിനെതിരെ എഡിജിപി എം ആർ അജിത് കുമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ തെളിവില്ലെന്നും വസ്തുതകൾ വിലയിരുത്താതെയാണ് ക്ലീൻ ചിറ്റ് റദ്ദാക്കിയതെന്നുമാണ് ഹർജിയിലെ പ്രധാന വാദം. ജസ്റ്റിസ് എ ബദറുദ്ദീന്‍റെ ബെഞ്ചാകും ഹർജിയിൽ പ്രാഥമിക വാദം കേൾക്കുക
അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ളാറ്റ് വിൽപ്പന, മലപ്പുറം എസ്പിയുടെ ക്യാമ്പ് ഹൗസിലെ മരം മുറി തുടങ്ങിയ ആരോപണങ്ങളായിരുന്നു എഡിജിപിക്കെതിരെ പി.വി.അൻവർ ഉന്നയിച്ചത്. അജിത് കുമാർ തിരുവനന്തപുരത്ത് കവടിയാറിൽ വലിയൊരു കൊട്ടാരം പണിയുന്നുണ്ട്. കവടിയാറിൽ 15000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് അജിത് കുമാർ പണിയുന്നതെന്ന് അൻവർ ആരോപിച്ചത്. ഇക്കാര്യത്തിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്.
















