കണ്ടന്‍റ് ക്രിയേറ്റേഴ്‌സിനെ ഒന്നിലധികം റീലുകൾ ലിങ്ക് ചെയ്യാൻ അനുവദിക്കുന്ന ‘സീരീസ്’ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം.
ഈ ഫീച്ചർ ഉപയോഗിച്ച് ഒന്നിലധികം റീല്‍ വീഡിയോകള്‍ പരസ്‌പരം കോര്‍ത്തിണക്കി ഒരു സീരീസ് ആയി അവതരിപ്പിക്കാനാകും. കാഴ്‌ചക്കാർക്ക് റീലുകളുടെ അനുബന്ധ കണ്ടന്‍റുകൾ പിന്തുടരുന്നതും കണ്ടെത്തുന്നതും എളുപ്പമാക്കുക എന്നതാണ് ഈ അപ്‌ഡേറ്റിലൂടെ ഇൻസ്റ്റഗ്രാം ലക്ഷ്യമിടുന്നത്.
ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും പ്ലാറ്റ്‌ഫോമിൽ പ്രേക്ഷകരെ കൂടുതൽ നേരം നിലനിർത്തുന്നതിനുമുള്ള ഇൻസ്റ്റഗ്രാമിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം വന്നിരിക്കുന്നത്.
കണ്ടന്‍റ് ക്രിയേറ്ററുടെ ഫീഡിലൂടെ സ്ക്രോൾ ചെയ്യാതെ തന്നെ സീരീസുകളുടെ ട്രാക്ക് സൂക്ഷിക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു. ചില ക്രിയേറ്റര്‍മാര്‍ പരമ്പരയായി റീല്‍ വീഡിയോകള്‍ ചെയ്യാറുണ്ട്. എന്നാല്‍ നിലവില്‍ ഒരു സീരിസില്‍പ്പെട്ട റീല്‍ വീഡിയോകള്‍ ഏതെന്ന് എളുപ്പം കണ്ടെത്തുക പ്രയാസമാണ്.
പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഒരു പരമ്പരയില്‍ പെട്ട വീഡിയോകള്‍ പരസ്‌പരം ബന്ധിപ്പിക്കാന്‍ സാധിക്കും. കണ്ടന്‍റ് ക്രിയേറ്റേഴ്‌സിന് റീലുകളെ അതിന്‍റെ പശ്ചാത്തലം, വിഷയം തുടങ്ങിയവയെ അടിസ്ഥാനമാക്കി മറ്റൊന്നിലേക്ക് ലിങ്ക് ചെയ്യാം.
പുതിയ റീലുകളിലും സുഹൃത്തുക്കളുമായും ഫോളോവേഴ്‌സുമായും ഇതിനകം ഷെയർ ചെയ്‌ത റീലുകളിലും ലിങ്കിംഗ് സംവിധാനം പ്രയോജനപ്പെടുത്താം. എന്നാൽ സബ്‌സ്‌ക്രൈബർ ഓൺലി റീലുകളെ ലിങ്ക് ചെയ്യാൻ പുതിയ ഫീച്ചര്‍ വഴി സാധിക്കില്ല.
















