പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഖോടാൽധാം മൈതാനത്ത് നടന്ന റോഡ് ഷോയിൽ 5,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. മൂന്ന് കിലോമീറ്റർ നീളമുള്ള റോഡ് ഷോ നരോദയിൽ നിന്ന് നിക്കോൾ വരെ നീണ്ടു. ചടങ്ങിൽ ഇന്ത്യൻ സായുധ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂരിൻ്റെ വിജയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി 1,404 കോടി രൂപയുടെ മൂന്ന് റെയിൽവേ പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്തു. മെഹ്‌സാന-പാലൻപൂർ (65 കി.മീ), കലോൽ-കാഡി-കറ്റോസൻ ലൈനിൻ്റെ ഗേജ് പരിവർത്തനം (37 കി.മീ), ബെച്രാജി-രാനുഞ്ച് ലൈൻ എന്നിവ ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. ഈ പദ്ധതികൾ പ്രാദേശിക സാമ്പത്തികം പ്രോത്സാഹിപ്പിക്കുകയും ദൈനംദിന യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും വ്യാപാരികൾക്കും വലിയ സഹായമാവുകയും ചെയ്യും.
കറ്റോസൻ റോഡിനും സബർമതിക്കും ഇടയിലുള്ള പുതിയ പാസഞ്ചർ ട്രെയിൻ മതപരമായ സ്ഥലങ്ങളിലേക്ക് മെച്ചപ്പെട്ട പ്രവേശനം സാധ്യമാക്കും. ബെച്രാജിയിൽ നിന്നുള്ള കാർ ലോഡഡ് ചരക്ക് ട്രെയിൻ സർവീസ് സംസ്ഥാനത്തെ വ്യാവസായിക കേന്ദ്രങ്ങളുമായുള്ള ബന്ധം വർധിപ്പിക്കുകയും ലോജിസ്റ്റിക്സ് ശൃംഖല ശക്തിപ്പെടുത്തുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
ഊർജം, റോഡ്, നഗരവികസനം തുടങ്ങിയ മേഖലകളിൽ ഒട്ടനവധി പദ്ധതികൾക്കാണ് മോദി തുടക്കം കുറിച്ചത്. ഗാന്ധിനഗർ, അഹമ്മദാബാദ്, മെഹ്‌സാന എന്നിവിടങ്ങളിലെ വിതരണ ശൃംഖലയ്ക്കായി 1,122 കോടി രൂപയുടെ അഞ്ച് പദ്ധതികളും ഊർജ, പെട്രോകെമിക്കൽസ് വകുപ്പിന് കീഴിലുള്ള രണ്ട് സബ്സ്റ്റേഷനുകളും ഉദ്ഘാടനം ചെയ്തു. കൂടാതെ, 274 കോടി രൂപയുടെ അഞ്ച് പദ്ധതികൾക്ക് തറക്കല്ലിടുകയും 33 കോടി രൂപയുടെ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു. റോഡ്, റെയിൽവേ, നഗരവികസനം തുടങ്ങിയ സുപ്രധാന മേഖലകളിൽ ഈ പദ്ധതികൾ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
















