ഓണമടുത്തതോടെ കാണം വിൽക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. പൂവിനും പച്ചക്കറിക്കും കുപ്പായത്തിനുമെല്ലാം തീവിലയാണ്. പൂക്കളമിടേണ്ട എന്ന് തീരുമാനിച്ചാൽ പൂവിന്റെയും പുത്തൽ കുപ്പായം വേണ്ടെന്ന് വെച്ചാൽ ഉടുപ്പിന്റെയും ചിലവ് ഒഴിവാക്കാം. എന്നാൽ സദ്യ എങ്ങനെ വേണ്ടെന്ന് വെക്കാൻ പറ്റും? സദ്യ ഇല്ലാതെ എന്ത് ഓണം? മുന്‍പൊക്കെ കേരളത്തിന്റെ വിളവെടുപ്പ് ഉത്സവം കൂടിയായിരുന്നു ഓണം. പഴവും പച്ചക്കറിയുമൊക്കെ തൊടിയിലും നെല്ല് പത്താഴത്തിലുമുണ്ടാകും.
അരി ആന്ധ്രയില്‍ നിന്നും പാലും തൈരും തൂശനിലയും പൂവും തമിഴ്‌നാട്ടില്‍ നിന്ന് വരും. നാടന്‍ വിഭവങ്ങളായി ചേനയോ, ചേമ്പോ, ഏത്തവാഴകുലയോ കിട്ടിയാലായി. ഓണത്തിനൊരു മുറം പച്ചക്കറിയും എല്ലാവരും കൃഷിയിലേക്ക് എന്നിങ്ങനെ പദ്ധതികള്‍ പലതുണ്ടെങ്കിലും ഉണ്ണണമെങ്കില്‍ ലോറി തമിഴ്‌നാട്ടില്‍നിന്നു വരണം. അരി പ്രധാനമായും ആന്ധ്ര, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നാണ്. ജനപ്രിയ ബ്രാന്‍ഡ് ജയ അരി ആന്ധ്രായില്‍ നിന്നാണ് എത്തുന്നത്. മട്ട, വടി, തവിടു കളഞ്ഞത്, തവിടു കളയാത്തത് തുടങ്ങിയ വൈിധ്യങ്ങളാണ് ആന്ധ്രയുടെ വക.
വന്‍പയര്‍, കടല, ചെറുപയര്‍,പരിപ്പ് മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന്. തമിഴ്‌നാട്ടിലെ പാടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഉഴുന്ന്. എത്തുന്നത്.
മല്ലി, കടുക്, ജീരകം രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ്. വറ്റല്‍മുളക് ആന്ധ്രയിലെ ഗുണ്ടൂരില്‍ നിന്നും വരും. മുളകില്‍ തന്നെ പത്തോളം വൈറൈറ്റികളുണ്ട്. കാശ്മീരി ചില്ലിയും പിരിയന്‍ മുളകും ഉള്‍പ്പെടെ പ്രധാന വിപണിയാണ്്് ഗുണ്ടൂര്‍. പലവ്യജ്ഞനങ്ങള്‍ മാത്രമല്ല പച്ചക്കറികള്‍ക്കും ഇതര സംസ്ഥാനമാണ് പ്രധാന ആശ്രയം. വട്ടവടയിലും കാന്തല്ലൂരിലും നിന്ന് കാരറ്റും കാബേജും വെളുത്തുള്ളിയും കുറച്ച് ലഭിക്കുന്നതല്ലാതെ ബാക്കി പച്ചക്കറികള്‍ക്കും തമിഴ്‌നാടിനെയും കര്‍ണാടകത്തെയുമാണ് ആശ്രയിക്കുന്നത്. പച്ചമുളക്, വെണ്ടയ്ക്ക, തക്കാളി, സവോള, കിഴങ്ങ് തുടങ്ങിയവ വന്‍ തോതിലാണ് തമിഴ്‌നാട്ടില്‍ നിന്നും എത്തുന്നത്. പയറും പാവയ്ക്കയും നാട്ടിന്‍ പുറങ്ങളില്‍ നിന്നും കുറച്ചു ലഭിക്കുന്നുണ്ടെങ്കിലും വിശേഷ വേളകളില്‍ ഇതര സംസ്ഥാനത്തെ ആശ്രയിക്കാതെ മാര്‍ഗമില്ല. ഉപ്പേരിക്കും ശര്‍ക്കരവരട്ടിക്കുമുള്ള ഏത്തക്കുലകള്‍ക്ക് വരെ ക്ഷാമം തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നിന്നും സേലത്തുനിന്നുമെത്തുന്ന കായകളാണ് ഉപ്പേരിയും വരട്ടിയുമാകുന്നത്. പ്രതികൂലമായ കാലാവസ്ഥയും കെടുതിയും മൂലം നാട്ടിലെ വാഴ കൃഷിക്ക് വ്യാപക നാശമാണുണ്ടായത്.
ഉപ്പേരി വറക്കാനുള്ള എണ്ണയുടെ കാര്യത്തില്‍ ഇത്തവണ കാശു പോകും. എണ്ണ വില കേരളത്തില്‍ 400 രൂപ്. നാടന്‍ വെളിച്ചെണ്ണ വിപണിയില്‍ കുറവാണ്. എണ്ണയും തമിഴ്‌നാട്ടില്‍ നിന്നാണ് കൂടുതലുമെത്തുന്നത്. ചേനയും ചേമ്പും കാച്ചിലും മത്തങ്ങയും പടവലവുമൊക്കെ വ്യാപകമായി കൃഷി ചെയ്തിരുന്നെങ്കിലും ഇത്തവണ കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കണം. അച്ചാറിനുള്ള നാരങ്ങയും മാങ്ങയും എത്തുന്നതു തമിഴ്‌നാട് വക.
ഓണക്കാലത്താണ് ഏറ്റവും കൂടുതല്‍ പാലും പാല്‍ ഉത്പന്നങ്ങളും ചെലവാകുന്നത്. ലക്ഷക്കണക്കിനു ലിറ്റര്‍ പാലാണ് ആവശ്യമായി വരുക. ഇതിന്റെ പകുതി പോലും കേരളത്തില്‍ ഉത്പാദിപ്പിക്കുന്നില്ല. തൈരും, നെയ്യുമെല്ലാം ഇതര സംസ്ഥാനത്തു നിന്നെത്തും. ശര്‍ക്കരയും തമിഴ് നാട് കടന്നാണ് വരുന്നത്. മറയൂര്‍ ശര്‍ക്കരയും മധ്യകേരളത്തിലെ ചില പ്രദേശങ്ങളില്‍ നിന്നുള്ള നാടന്‍ ശര്‍ക്കരയും വിപണിയിലുണ്ടെങ്കിലും മലയാളിയുടെ പായസത്തിനു മധുരം ചേരാന്‍ ഇതു തികയില്ല. കമ്പം,തോവാള, ഡിംഡിഗല്‍, ബന്ദിപൂര്‍, ഗുണ്ടല്‍പെട്ട് എന്നിവിടങ്ങളില്‍ നിന്നും ബന്തിയും ജമന്തിയും വാടാമുല്ലയുമൊക്കെ ചാക്കു കണക്കിനാണ് പൂക്കളമായിത്തീരാന്‍ എത്തുന്നത്. അയല്‍ സംസ്ഥാനക്കാര്‍ കനിഞ്ഞില്ലെങ്കില്‍ പൊന്നോണം നല്ലോണം ഉണ്ണാനില്ലാതെ മലയാളി നട്ടം തിരിയും.
content highlioght: Onam Vegitables price hike
















