ഓണപ്പാട്ടുമായി അത്തമിങ്ങെത്തി… നാടും നഗരവും ഓണത്തിരക്കിലേക്ക്… സന്തോഷത്തിന്റെ അത്തപൂക്കളമൊരുക്കി ആഘോഷിക്കുകയാണ് തൃശൂരും.വടക്കുംനാഥ ക്ഷേത്രത്തിന്‍റെ തെക്കേ ഗോപുരനടയിൽ സായാഹ്‌ന കൂട്ടായ്‌മയാണ് 1,500 കിലോ പൂക്കൾ ഉപയോഗിച്ച് പൂക്കളമൊരുക്കിയത്. ഇതോടെ ശക്തന്‍റെ തട്ടകം കുമ്മാട്ടിയും പുലികളിയുമൊക്കെയായി ഓണാഘോഷത്തിലേക്ക് കടക്കുകയായി.
വൈകുന്നേരങ്ങളിൽ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്‍റെ തെക്കേ ഗോപുരനടയിൽ വർത്തമാനങ്ങളുമായി എത്തുന്നവരുടെ സംഘമാണ് ‘സായാഹ്‌ന കൂട്ടായ്‌മ’. കഴിഞ്ഞ വർഷം വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ചെറിയ പൂക്കളമായിരുന്നു ഇവര്‍ ഒരുക്കിയിരുന്നത്.
ഇന്ന് പുലർച്ചെ 3 മണി മുതൽ 150ഓളം പേർ ചേർന്നാണ് 1500 കിലോ പൂക്കൾ കൊണ്ട് ഭീമൻ പൂക്കളമൊരുക്കിയത്. പുലർച്ചെ മൂന്നിന് അത്തപ്പൂക്കളത്തിലേക്കുള്ള ആദ്യപുഷ്‌പം കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ ടി.എസ് പട്ടാഭിരാമൻ അർപ്പിച്ചതോടെ പൂക്കളമിടൽ ആരംഭിച്ചു.
രാവിലെ 10ന് വി. രാധാക്യഷ്‌ണന്‍റെ നേതൃത്വത്തിൽ ഓണപ്പാട്ടുകളോടെ ആരംഭിച്ച ഓണാഘോഷ പരിപാടികളിൽ അത്തപ്പൂക്കള സമർപ്പണം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. രവീന്ദ്രൻ നിർവഹിച്ചു. പി.ബാലചന്ദ്രൻ എംഎൽഎ ഓണാഘോഷങ്ങളുടെ പതാക ഉയർത്തി. വൈകിട്ട് ആറിന് ‘ദീപച്ചാർത്ത്’ പൂക്കളത്തിന് ചുറ്റും ദീപങ്ങൾ തെളിയിച്ച് ഒരുക്കും.
ദീപച്ചാർത്ത് മേയർ എം.കെ വർഗീസും ചീഫ് ജ്യൂഡീഷൽ മജിസ്ട്രേറ്റ് രമ്യ മേനോനും ചേർന്ന് നിർവഹിക്കും. തുടർന്ന് മുൻ മേയർ അജിതാ വിജയൻ, അഭിഭാഷക കൂട്ടായ്‌മ കൺവീനർ ദീപാകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ നൂറു കണക്കിന് വനിതകളുടെ കൈകൊട്ടിക്കളി അരങ്ങേറും.
നാളെ രാവിലെ 9.00ന് തൃശൂര്‍ നടുവിലാലില്‍ പുലിക്കളി മഹോത്സവത്തിന്‍റെ കോടിയേറ്റ് മേയർ എംകെ വർഗീസ് നിർവഹിക്കും. ഇത്തവണ 9 പുലികളി സംഘങ്ങളാണ് നഗരം വിറപ്പിക്കാൻ ഇറങ്ങുക. തൃശൂര്‍ കോര്‍പറേഷന്‍ നാലോണ നാളില്‍ നടത്തിവരുന്ന പുലികളി മഹോത്സവം സെപ്റ്റംബര്‍ 8നാണ്















