പാക്കിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ കൈമാറിയതിന് മൂന്നു മാസം മുൻപ് സിആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മോത്തി റാം ജാട്ടിനെ ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ജാട്ടിനു പുറമേ ഇന്ത്യൻ സൈന്യത്തിലെയും അർധസൈനിക വിഭാഗങ്ങളിലെയും സർക്കാരിലെയും ഉദ്യോഗസ്ഥരുടെ 15 ഫോൺ നമ്പരുകളിലേക്ക് പാക് ചാരൻ ബന്ധപ്പെട്ടിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ വൃത്തങ്ങൾ അറിയിച്ചു.
പാക്കിസ്ഥാൻ ഏജന്റുമാർക്ക് രഹസ്യ വിവരങ്ങൾ കൈമാറുന്നുണ്ടെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയതിനെത്തുടർന്ന് മേയ് 27 നാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ജാട്ടിനെ അറസ്റ്റ് ചെയ്തത്. പഹൽഗാമിൽ സിആർപിഎഫ് ബറ്റാലിയനിൽ നിയമിതനായിരുന്ന ജാട്ടിനെ ഏപ്രിൽ 22-ന് നടന്ന ഭീകരാക്രമണത്തിന് അഞ്ച് ദിവസം മുൻപാണ് ഡൽഹിയിലേക്ക് സ്ഥലം മാറ്റിയത്
“ജാട്ടിനെ ബന്ധപ്പെട്ടതിനു പുറമേ, സലിം അഹമ്മദ് എന്ന കോഡ് നാമമുള്ള പാക്കിസ്ഥാൻ ചാരൻ കുറഞ്ഞത് 15 ഫോൺ നമ്പരുകളുമായി ബന്ധപ്പെട്ടിരുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. കോൾ ഡീറ്റെയിൽ റെക്കോർഡുകളും ഇന്റർനെറ്റ് പ്രോട്ടോക്കോൾ ഡീറ്റെയിൽ റെക്കോർഡുകളും പരിശോധിച്ചപ്പോൾ, ഈ നമ്പരുകളിൽ നാലെണ്ണം കരസേനയിലെ ഉദ്യോഗസ്ഥരുടേതാണെന്നും നാലെണ്ണം അർധസൈനിക വിഭാഗങ്ങളുടേതാണെന്നും ബാക്കി ഏഴ് എണ്ണം കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ജീവനക്കാരുടേതാണെന്നും കണ്ടെത്തി,” വൃത്തങ്ങൾ വ്യക്തമാക്കി.
കോൾ വിവരങ്ങൾ പരിശോധിക്കുന്നതിനായി കേന്ദ്ര ഏജൻസികൾ നിലവിൽ എല്ലാ ഡാറ്റയും വിശകലനം ചെയ്യുകയാണെന്ന് വൃത്തങ്ങൾ പറഞ്ഞു. ജാട്ടിനെ ബന്ധപ്പെടാൻ ഉപയോഗിച്ച ഫോൺ നമ്പരിന്റെ സിം കാർഡ് കൊൽക്കത്തയിൽ നിന്ന് വാങ്ങിയതാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ, ലാഹോറിലെ ഏജന്റിന് രഹസ്യ വിവരങ്ങൾ കൈമാറിയതിന് ജാട്ട് 12,000 രൂപ വരെ കൈപറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, യുപി, രാജസ്ഥാൻ, ഛത്തീസ്ഗഡ്, അസം, പശ്ചിമ ബംഗാൾ തുടങ്ങി നിരവധി സ്ഥലങ്ങളിലെ അക്കൗണ്ടുകളിൽ നിന്നാണ് ജാട്ടിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചത്.
ഛണ്ഡീഗഡ് ആസ്ഥാനമായുള്ള ഒരു പ്രമുഖ ടിവി ചാനലിലെ റിപ്പോർട്ടറെന്ന് പറഞ്ഞ് ഒരു സ്ത്രീയാണ് തന്നെ ആദ്യം സമീപിച്ചതെന്നും അവർ ആവശ്യപ്പെട്ടതുപ്രകാരം ചില വിവരങ്ങൾ കൈമാറുകയും ചെയ്തതായി ജാട്ട് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. ചില മെസേജുകൾക്കും ഫോൺ കോളുകൾക്കും ശേഷം, വീഡിയോ വഴി ഉൾപ്പെടെ, രഹസ്യ രേഖകൾ ആ സ്ത്രീക്ക് കൈമാറാൻ തുടങ്ങി. രണ്ട് മൂന്ന് മാസങ്ങൾക്ക് ശേഷം, പാക്കിസ്ഥാൻ ഇന്റലിജൻസ് ഓഫീസറായ ഒരാൾ അതേ വാർത്താ ചാനലിലെ പത്രപ്രവർത്തകനായി വേഷമിട്ട് തന്നോട് സംസാരിക്കാൻ തുടങ്ങിയതായും ജാട്ട് പറഞ്ഞിരുന്നു.
















