കോട്ടിക്കുളത്ത് അമൂല്യ പുരാവസ്‌തു ശേഖരം കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര പുരാവസ്‌തു വകുപ്പ് പരിശോധന ആരംഭിച്ചു. പരേതനായ പാലക്കുന്ന് മുഹമ്മദ് കുഞ്ഞിയുടെ വീടിനു സമീപത്ത് ഉള്ള മുറിയിലാണ് പരിശോധന നടത്തിയത്. കേന്ദ്ര പുരാവസ്‌തു വകുപ്പ് സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് വിജയ കുമാർ എസ് നായരുടെ സംഘമാണ് പരിശോധന നടത്തിയത്. ഇന്നും നാളെയുമായി പരിശോധന നടത്തുമെന്ന് സംഘം അറിയിച്ചു.
പുരാവസ്തു ശേഖരമെന്ന് സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഘം എത്തിയത്. ബേക്കൽ സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള വാളുകളും തോക്കുകളും സംഘം പരിശോധിച്ചു. തുടർന്നാണ് ഇവ കണ്ടെത്തിയ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ എത്തി പരിശോധന നടത്തിയത്.
ഓഗസ്റ്റ് 18 നു രാത്രി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ബേക്കൽ പൊലീസ് പരേതനായ മുഹമ്മദ് കുഞ്ഞിയുടെയുടെ വീട്ടിൽ എത്തിയത്. ഇവിടെനിന്ന് രാജാക്കന്മാർ ഉപയോഗിച്ചതെന്നു കരുതുന്ന വാളുകളും തോക്കുകളും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അമൂല്യമായ പുരാവസ്തു ശേഖരം എന്ന് സംശയിക്കുന്ന നൂറിലധികം സാധന സാമഗ്രികൾ കണ്ടെത്തുകയായിരുന്നു. വിദേശത്തുനിന്ന് എത്തിച്ചവയും ഇക്കൂട്ടത്തിൽ ഉണ്ടെന്നു പൊലീസ് പറഞ്ഞിരുന്നു.
















