ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ചൊവ്വാഴ്ച ഉണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർ മരിച്ചു. കത്വ, കിഷ്ത്വാർ എന്നിവിടങ്ങളിലും സമാനമായ ദുരന്തങ്ങൾ ഉണ്ടായി. പെട്ടെന്നുള്ള കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം ഉണ്ടായി. പത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു.
ജമ്മു മേഖലയിലെ കതുവ, സാംബ, ദോഡ, ജമ്മു, റംബാൻ, കിഷ്ത്വാർ ജില്ലകൾ ഉൾപ്പെടെ നിരവധി ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സംഭവം. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ജമ്മു ഡിവിഷനിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും അടച്ചിട്ടു.
മണ്ണിടിച്ചിലിനെയും മലവെള്ളപ്പാച്ചിലിനെയും തുടർന്ന് മുൻകരുതൽ നടപടിയായി ജമ്മു-ശ്രീനഗർ ദേശീയ പാതയിലൂടെയുള്ള ഗതാഗതം നിർത്തിവച്ചു. ഒരു പ്രാദേശിക അരുവി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ദോഡയിലെ ഒരു പ്രധാന റോഡ് ഒലിച്ചുപോയി.
















